Thursday, December 18, 2014

പരുന്തുകൾ

ഞങ്ങളിങ്ങനെ ആകാശം പാറിക്കളിക്കുകയാണ്. ചിലപ്പോൾ തുളവീണ കരിപ്പൊട്ടുപോലെ വിശാലമായ ഉയരങ്ങളിലേക്ക് ഊളിയിട്ടും,
ധൃതി പിടിക്കാത്ത ചുഴലികാറ്റിന്റെ നിഴലുപോലെ അംബര ചുംബികളോളം താഴ്ന്നു പറന്നും, ജീവിതത്തിന്റെ അർദ്ധ ശൂന്യതകളെ ഞങ്ങൾ പരിഹാസത്തിന്റെ രസച്ചരടുകളാക്കുന്നു. ആദ്യം രണ്ടോ മൂന്നോപേർ ആയിരിക്കും ഇത്തരം ഉല്ലാസ വേളകൾക്ക് തുടക്കം കുറിക്കുന്നത്. പിന്നെ ചക്രവാളത്തിന്റെ കോണുകളിൽ നിന്ന് അനേകംപേർ നിസ്വാർത്ഥതയോടെ വിടർത്തിയ ചിറകുകളുമായി കരികട്ടയിൽ കോറിയിട്ട വില്ലുപോലെ കൂട്ടം ചേർന്നു  ദീർഘ വൃത്തത്തിൽ വട്ടമിട്ടു പറന്നുതുടങ്ങുന്നു.

ഒഴിവുകാലങ്ങളിൽ മാത്രം ആകാശം നോക്കി ആനന്ദിക്കുന്ന മനുഷ്യർ, ചരടിൽ ബന്ധിച്ച കൃത്രിമ പേപ്പർച്ചിറകുകൾ ഉയർത്തി വിടരുതേയെന്ന വിചാരം ഒരു പകർച്ചവ്യാധി പോലെ ഞങ്ങളുടെ മൗനങ്ങളിൽ ഉരുണ്ടു കൂടുന്നു. നേർത്ത നൂലുകൾ കാലിലോ ചിറകിലോ കുടുങ്ങി ഞങ്ങളുടെ ആനന്ദത്തിനു ക്ഷതം സംഭവിച്ചേക്കാം. ചിലപ്പോൾ അപകടകരമാം വിധം ഭൂമിയിലേക്ക്‌ പിടഞ്ഞുവീണ് കൂട്ടത്തിലെ എണ്ണം കുറഞ്ഞേക്കാം. അപ്പോഴും ആകാശത്തിന് തിലകക്കുറിയായി ചിറകുകൾ ഒരേ താളത്തിലിളക്കി ദീർഘ വൃത്തത്തിന്റെ സാങ്കല്പ്പിക മതിലിനിടയിലെ ശൂന്യതയിൽ ഞങ്ങൾ സൗന്ദര്യം സൃഷ്ടിച്ചു കൊണ്ടേയിരിക്കും.

അപരിചിതരായ ദേശാടന പക്ഷികൾ പോലും ഒരു മാത്ര ഞങ്ങളുടെ വിഹായസിലൂടെ പറന്നുപോകാനിടയായാൽ ഞങ്ങൾതീർത്ത ആനന്ദത്തിന്റെ ചുഴിയിൽ, അപരിചിതത്വത്തിന്റെ പരിമിതികളില്ലാതെ അവർ ചിറകു വിരുത്തുന്നു. അപ്പോൾ നരച്ചകറുപ്പിലും സ്വർണ്ണ വർണ്ണ രാശിയിലും തിളങ്ങുന്ന ചിറകുകൾക്ക് പകരം ആകാശത്ത് മഴവില്ലുപോലെ സപ്തവർണ്ണങ്ങളിൽ തൂവലുകൾ വിടരുന്നു. താഴെ ഭൂമിയിൽ നിന്നും അപ്പോഴൊക്കെ മനുഷ്യ മരങ്ങൾ യന്ത്രങ്ങളിൽ  നിന്നും വെടിയുണ്ടകൾ ചീറ്റിക്കുമ്പോഴും വർണ്ണ രാജിയിൽനിന്നും ചില ഇതളുകൾ കൊഴിഞ്ഞു താഴേക്കു പതിക്കുമ്പോഴും അവശേഷിക്കുന്ന ചിറകുകൾ,  ദീർഘ വൃത്തത്തിന്റെ മുറിഞ്ഞുപോയ മുനമ്പുകളെ ബന്ധിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് വട്ടമിട്ടുകൊണ്ടേയിരിക്കും! ഉറ്റവരുടെ തകർച്ചയിൽപ്പോലും മനുഷ്യ ജീവികളെപ്പോലെ അലറിക്കരയുകയോ, കൂട്ടം കൂടി സഹതപിക്കുകയോ ഞങ്ങളുടെ സഹജ വാസനയല്ല. ആഗ്രഹങ്ങളെ ഞങ്ങൾ പരിപോഷിപ്പിക്കാത്തതിനാൽ പ്രകൃതി കല്പിതമായ എല്ലാറ്റിനേയും അതിന്റെ സ്വാഭാവികതയ്ക്ക് വിട്ടുകൊടുത്ത് ചിറകു വിടർത്തി വിഹായസിൽ ഒരു പ്രതിഭാസമായിതന്നെ  പാറിക്കൊണ്ടേയിരിക്കും.

ഞങ്ങളിങ്ങിനെ കൂടിച്ചേർന്ന് വട്ടമിട്ടുകൊണ്ടിരിക്കുമ്പോൾ പടിഞ്ഞാറേ ചരുവിലെ അത്ഭുതമായ സൂര്യൻ, ചുട്ടുപഴുത്ത ഒരു സ്വർണ്ണത്തളികപോലെ താഴുമ്പോഴും പിന്നീട് കിഴക്ക് മേലാപ്പഴിച്ച് പൊന്തുമ്പോഴും ഇങ്ങിനെ ഉല്ലാസത്തോടെ ഞങ്ങൾ വട്ടമിട്ടു പറക്കും..! നിത്യത്ഭുതം കണ്ടു നൃത്തം ചവിട്ടി താഴെ ഭൂമിയിലേക്ക്‌ അല്പമൊന്നു ചരിഞ്ഞു പറന്ന് പാളി നോക്കിയാൽ കൂറ്റൻ പുകക്കുഴലുകളും അച്ചിട്ടു നിരത്തിയ മനുഷ്യ നിർമിതികളും മാത്രമേ ഞങ്ങൾ കാണാറുള്ളൂ. അവർക്ക് നഷ്ടപ്പെട്ട്പോയ ഇത്തരം ദിവ്യ ദർശന മോർത്ത് പരിതപിക്കാതെ അപ്പോഴും ചിറകുകൾ വിടർത്തി ഒരു പരന്ന പ്രതലത്തിലെന്നപോലെ സമയക്രമങ്ങളുടെ വിലങ്ങു തടികളില്ലാതെ ഞങ്ങൾ ഒഴുകി നടക്കും!

വിശപ്പ്‌ നാമ്പു നീട്ടുമ്പോൾ ഭൂമിയിലേക്ക്‌ കൂർത്ത കണ്ണുകളിളക്കി പാളിനോക്കാൻ ഞങ്ങൾ ഇപ്പോൾ മനപൂർവ്വം  ശ്രമിക്കാറില്ല. കൃത്രിമ നിർമിതികളുടെയിടയിലെ അരിപ്പുപോലുള്ള ഭൂമിയുടെ ശുഷ്കിച്ച പ്രതലങ്ങളിൽ ഒരു കോഴികുഞ്ഞിനേയോ എലി കുഞ്ഞൻ മാരേയോ പുഴുക്കളെയോ പാമ്പുകളേയോ തേടുന്നത് വ്യർത്ഥമാണെന്ന് കാലാ കാലങ്ങളിലായി ഞങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. വിശപ്പിന്റെ താളം തലച്ചോറിൽ ആനന്ദത്തിന്റെ നിത്യതയായി പരിണമിച്ചിരിക്കുന്നതിനാൽ ഒഴിഞ്ഞൊട്ടിയ വയറുകൾ ഞങ്ങളെ കൃത്യ വിലോപത്തിലേക്കോ കൊടും ക്രൂരതയിലേക്കോ നയിക്കുന്നില്ല. ഞങ്ങളിങ്ങനെ ആകാശത്തിൽ വട്ടമിട്ട് അപകടകരമല്ലാത്ത കറുത്ത ഒരു ചുഴിയായി തുടിച്ചുകൊണ്ടേയിരിക്കും

നിത്യവും ഒരു അംബര ചുംബിയുടെ നെറുകയിൽ ചലിക്കാൻ കഴിയുന്ന ഒരു മനുഷ്യമരം ഞങ്ങളുടെ കാഴ്ച്ചയുടെ അറ്റത്ത്‌ ഒരു നിഴലായി കാണപ്പെട്ടു തുടങ്ങിയത് വളരെ കഴിഞ്ഞാണ്. ഉല്ലാസത്തിൽ  മനസുനിറഞ്ഞ്‌ കാഴ്ച്ചക്കാരൻ ക്രമേണ ഞങ്ങളിലൊരു അംഗമായി പരിണമിച്ച് ചിറകുവിടർത്തി വട്ടമിട്ടു തുടങ്ങിയപ്പോഴും ദീർഘവൃത്തം അതിഭാവുകത്വമില്ലാതെ, ധൃതി പിടിക്കാത്ത ചുഴലിക്കാറ്റിന്റെ നിഴലുപോലെ ഒരു പ്രതിഭാസമായി ഇതാ- വലംവച്ച് പറന്നു കൊണ്ടേയിരിക്കുന്നു.

No comments: