Saturday, March 19, 2016

ഉപ്പ്

ആത്മോപദേശ ശതകം തുറന്ന ഉടൻ തിരികെയടച്ചുവെച്ച് വയറു തടവി. 'പാപ്പുട്ടൻ' പണ്ട് തേരുവിളക്ക് നടക്കുംബോൾ  ഉത്സവത്തറയിൽ ഊതിവീർപ്പിക്കുന്ന ബലൂൺ പോലെ  വയറു വീർത്തു വരികയാണ്. നാരങ്ങാനീരിൽ അല്പ്പം ഉപ്പും പഞ്ചസാരയും ചാലിച്ച്  കുറച്ചു സോഡയും ചേർത്ത് സേവിച്ചാൽ സാധാരണ മാറേണ്ടാതാണ്. അടുക്കളയെന്നു പറയപ്പെടുന്ന അരയോളം ഉയർന്ന സിമെന്റ്  പ്രതലത്തിൽ ഇന്നലെ മദ്യത്തിൽ ഇറ്റിച്ച സോഡാ ബാക്കി ഇരിപ്പുണ്ട്. വടക്കോട്ട്‌ ചരിച്ചുവച്ച, തളിക മാതൃകയുള്ള ദൂരസ്പർശിനി പോലെ ഒരു കഷ്ണം നാരങ്ങായുമുണ്ട്. കട്ടുറുമ്പ് മരാമത്ത് പണികൾ നടത്തുന്ന വലിയ വാവട്ടമുള്ള തുറന്ന കുപ്പിയിൽ വടിച്ചെടുത്താൽ  കിട്ടാവുന്ന പഞ്ചസാരയും കാത്തിരിക്കുന്നു. പക്ഷെ, ഉപ്പെവിടെ? വാവട്ടം ദ്രവിച്ചടർന്ന ഉപ്പ് പാത്രം കാണുന്നില്ല. പൈപ്പിലും വെള്ളത്തിന്റെ കനിവില്ല. തെരുവിലേക്കിറങ്ങി സംഘടിപ്പിക്കാതെ തരമില്ല.

തെരുവ്, മരിപ്പുകഴിഞ്ഞ രണ്ടാം നാൾ പോലെ വിജനമാണ്. ഇരുചക്രവാഹനങ്ങളോ, കാൽനടക്കാരോ, കരുവാളിച്ചു ക്ഷീണിച്ച തെരുവ് കുട്ടികളോ, വിലപേശുന്ന കലപിലകളോ കേൾക്കാനില്ല. വിശന്നു വട്ടംപിടിച്ച് ഉറങ്ങുന്ന, പത്രം വായിക്കാത്ത തെരുവുനായ്ക്കൾ അടഞ്ഞുകിടക്കുന്ന ഷട്ടറുകൾക്കുകീഴിൽ ശുഭ പ്രതീക്ഷയോടെ കണ്ണടച്ച് കിടക്കുന്നു. മരങ്ങളില്ലാത്ത തെരുവിൽ ഒരു ഇലയനക്കാമോ വീശയടിക്കാൻ കാറ്റോ ഇല്ല. അടച്ചുകെട്ടിയ സിമെന്റ് കോട്ടകളിൽ ഞ്ഞെരുങ്ങി തെരുവിനപ്പുറം കാഴ്ചകൾ ഇല്ല.

ഉപ്പിട്ട നാരങ്ങാനീര് സേവിക്കാൻ അത്രയൊന്നും കഷ്ടപ്പെടെണ്ടിയിരുന്നില്ല, ഇന്നലെവരെയുള്ള ഭൂതകാലം ഓർത്താൽ മതിയായിരുന്നു. ജലസർപ്പങ്ങൾ കണ്ണിൽനിന്ന്  ഊർന്നിറങ്ങുമ്പോൾ ഒരു അഭ്യാസിയെപ്പോലെ ചില്ലുഗ്ലാസിൽ പിടിച്ചെടുക്കാനുള്ള മെയ് വഴക്കം മാത്രം മതിയാകും. നാരങ്ങാനീര് കൃത്യം ഗ്ലാസിന്റെ വാവട്ടത്തു വീഴ്തിക്കാൻ മാത്രമാണ് കുറച്ച് ലക്ഷ്യ ബോധം വേണ്ടത്.

വെളുത്ത ചകിരിനാരുപോലെ നീണ്ടുകിടക്കുന്ന മീശ രോമങ്ങൾ ഒതുക്കി, രണ്ടുകവിൾനീര് വരണ്ട തൊണ്ടയിലൂടെ തെന്നിച്ചപ്പോൾ, പാപ്പുട്ടന്റെ വീർത്ത ബലൂൺ പതുക്കെ ശുഷ്ക്കിച്ചു വരികയാണ്. ഇനി ആത്മോപദേശ ശതകം തുറന്ന് ഉള്ളിലേക്ക് കടക്കാം. ഭൂതകാലത്തെ ജ്ഞാനം കൊണ്ട്  ശമിപ്പിച്ച് ബോധത്തെ പ്രാകാശ പൂരിതമാക്കാൻ കഴിഞ്ഞേക്കും.  

കുറിപ്പ്‌: ഈ ഒറ്റമൂലി നിർമ്മാണം വ്യക്തിപരവും ഭൂതകാലാധിഷ്ടിതവുമാണ്. എപ്പോഴും ഫലപ്രദമാകണമെന്നില്ല. മുൻവിധിയില്ലാത്ത, കരുതൽ അറിയാത്ത ന്യൂനപക്ഷങ്ങൾ ശ്രമിക്കുന്നതിൽ തെറ്റില്ല. തെരുവുകൾ അപ്രതീക്ഷിതമായി മരണവീടാകുന്ന ഒരു നാട്ടിൽ  പ്രത്യേകിച്ചും!. 

Saturday, February 27, 2016

ഇന്ത്യൻ ഭാഷകളുടെ വീണ്ടെടുപ്പ്



2016 ഫെബ്രുവരി 20-21ന്, ശ്രീ മോഹൻ കാക്കനാടനും Passion 4 communication നും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യയിലെ പതിനാലുഭാഷകളിൽ നിന്നെത്തിയ എഴുത്തുകാർ ഭാഷയേയും സാഹിത്യത്തേയും ഇന്ത്യൻ ജീവിതത്തേയും കുറിച്ചു നടത്തിയ സംഭാഷണങ്ങൾ കൊണ്ട് ധന്യമായ ഗേറ്റ് വേ- ലിറ്റ് ഫെസ്റ്റിവൽ എനിക്ക് പുതിയൊരു പ്രത്യാശയുടെ തുരുത്ത് കാണിച്ചു തന്നു. ഇന്ത്യയിലെ തല മുതിർന്ന എഴുത്തുകാരെ ഒരുമിച്ചു കാണാനും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനും കഴിഞ്ഞു എന്നത് ധന്യമായി കരുതുന്നു.

പ്രമുഖ സംവിധായകനും എഴുത്തുകാരനുമായ അടൂർ ഗോപാലകൃഷ്ണൻ, എൻ. എസ്. മാധവൻ, സേതു, സുഭാഷ്‌  ചന്ദ്രൻ, മധുപാൽ, ആനന്ദ്‌ നീലകണ്ഠൻ, ബാലകൃഷ്ണൻ, ബിനിത മല്ലിക്, ഗുർബീർ സിംഗ്, ഹേമ നായിക്, ഹേമന്ത്  ധിവാതെ, ജയമോഹൻ, ജെറി പിന്റോ, കെ. വി. മണിരാജ്, ലക്ഷ്മൺ ഗയ്ക്ക് വാദ്, ലീനാ മണിമേഖല, മായ റാഹി, മുസ്താൻഷിർ ദെൽവി, പ്രസന്ന രാജൻ, പൂർണ്ണ ചന്ദ്ര ഹെമ്ബ്രാം, കെ. എസ്. രാമൻ, സച്ചിൻ കേധ്ഖർ, ഗന്റക്കുമങ്ങ്ജി, സംബൂർണ്ണ ചാറ്റർജി, ഷാജി വിക്രമൻ, ഷെഫാലിക വർമ്മ, സിതാൻഷ്ട്യയെശസ്സ് ചന്ദ്ര, ടി.കെ. മുരളീധരൻ, ഉദയതാരാ നായർ, സെമാൻ അസ്രൂദു, ഗൌരി ദാസൻനായർ, എം. ജി. രാധാകൃഷ്ണൻ, പ്രതിബ റായ്, തുടങ്ങിയ മഹത് വെക്തികൾ പങ്കെടുത്തു. 

സേതുവിനോടൊപ്പം.

Monday, December 7, 2015

അഖിലാണ്ഡ ബ്രഹ്മാണ്ഡം

ഒരേ ഒരു പ്രപഞ്ചമേ തല്കാലം നമുക്ക് കേട്ടറിവുള്ളൂ...കോടാനു കോടിയോ കോടാനു കോടിയിൽപ്പരമോ ജീവ ജാലങ്ങളുമുണ്ട്... എല്ലാം നില നിന്നു പോകേണ്ട ഒരുതരം സംതുലിതാവസ്ഥയോടെ സങ്ങതി നിർമ്മിക്കപ്പെട്ടു. സംതുലിതാവസ്ഥക്ക് തടസം നിന്ന ചില താല്പ്പര കക്ഷികൾ (ദിനോസർ എന്നൊക്കെ നമ്മൾ തന്നെ പേരും കൊടുത്തു.) താനേ അപ്രത്യക്ഷമായി. സംതുലിതാവസ്ഥക്ക് എപ്പോൾ കോട്ടം തട്ടുന്നുവോ അപ്പോൾ ഒരേ ഒരു പ്രപഞ്ചമല്ലേയുള്ളൂ അതിനു ഇടപെടാതിരിക്കാൻ പറ്റുമോ...? അത് മനുഷ്യന്റെ ന്യൂ ജെനറേഷൻ സിദ്ധാന്ധം കടമെടുത്ത് ഏതോ ഒരു പട്ടണത്തിൽ കുറച്ചധികം ജലം അളവുകോലുകൾ മറന്ന് നിർലോഭം വർഷിച്ചു. അവിടെ രാജാവിന്റെയോ രാജ്ഞിയുടെയോ ചിരിക്കുന്ന മുഖം സ്റ്റിക്കറിൽ ചാലിച്ച് ഭക്ഷണപ്പൊതിമേൽ ആലേഖനം ചെയ്ത്  ജീവൻ നിലനിർത്താൻ കുറച്ചുപേർ ശ്രമിക്കുബോൾ കണ്ടുനിൽക്കുന്ന മറ്റു ചിലർ മുതലകണ്ണുനീർ വീഴ്‌ത്താൻ  കഠിനമായി പരിശ്രമിക്കുന്നു. അപാര ബുദ്ധിയുള്ള പ്രത്യേക ജീവികളെ സൃഷ്ടിച്ചാൽ എന്ത് സംഭവിക്കും എന്ന് ഇതിനോടകം തന്നെ അഘിലാണ്ഡ ബ്രഹ്മാണ്ഡം എന്ന അപര നാമത്തിൽ അറിയപ്പെടുന്ന universe സ്വയം തിരിച്ചറിഞ്ഞിട്ടുണ്ടാകുമല്ലോ. (അല്ലെങ്കിൽ പിന്നെ അഘിലാണ്ഡ ബ്രഹ്മാണ്ഡം എന്നൊക്കെ കടുകട്ടിയിൽ വിളിച്ചിട്ട് വല്ല കാര്യവുമുണ്ടോ?) കൂടുതൽ വികസിത പട്ടണങ്ങളും തേടി അത് യാത്ര തുടങ്ങിയിട്ടുണ്ടാകണം...ഇങ്ങിനെയൊക്കെ ഇല്ലെങ്കിൽ എങ്ങിനെയൊക്കെയാണ് സ്വയം തിരിച്ചറിവ് ഉണ്ടാകുന്നത്...! കൂടുതൽ വികസനം സൃഷ്ടിച്ച്‌ വംശനാശം സംഭവിക്കാതിരിക്കാൻ ഇനിയും കുറച്ചു കൂടി സമയം ബാക്കി കിടപ്പുണ്ട്...! ശ്രമിച്ചാൽ നന്നകാം..!


Thursday, December 18, 2014

പരുന്തുകൾ

ഞങ്ങളിങ്ങനെ ആകാശം പാറിക്കളിക്കുകയാണ്. ചിലപ്പോൾ തുളവീണ കരിപ്പൊട്ടുപോലെ വിശാലമായ ഉയരങ്ങളിലേക്ക് ഊളിയിട്ടും,
ധൃതി പിടിക്കാത്ത ചുഴലികാറ്റിന്റെ നിഴലുപോലെ അംബര ചുംബികളോളം താഴ്ന്നു പറന്നും, ജീവിതത്തിന്റെ അർദ്ധ ശൂന്യതകളെ ഞങ്ങൾ പരിഹാസത്തിന്റെ രസച്ചരടുകളാക്കുന്നു. ആദ്യം രണ്ടോ മൂന്നോപേർ ആയിരിക്കും ഇത്തരം ഉല്ലാസ വേളകൾക്ക് തുടക്കം കുറിക്കുന്നത്. പിന്നെ ചക്രവാളത്തിന്റെ കോണുകളിൽ നിന്ന് അനേകംപേർ നിസ്വാർത്ഥതയോടെ വിടർത്തിയ ചിറകുകളുമായി കരികട്ടയിൽ കോറിയിട്ട വില്ലുപോലെ കൂട്ടം ചേർന്നു  ദീർഘ വൃത്തത്തിൽ വട്ടമിട്ടു പറന്നുതുടങ്ങുന്നു.

ഒഴിവുകാലങ്ങളിൽ മാത്രം ആകാശം നോക്കി ആനന്ദിക്കുന്ന മനുഷ്യർ, ചരടിൽ ബന്ധിച്ച കൃത്രിമ പേപ്പർച്ചിറകുകൾ ഉയർത്തി വിടരുതേയെന്ന വിചാരം ഒരു പകർച്ചവ്യാധി പോലെ ഞങ്ങളുടെ മൗനങ്ങളിൽ ഉരുണ്ടു കൂടുന്നു. നേർത്ത നൂലുകൾ കാലിലോ ചിറകിലോ കുടുങ്ങി ഞങ്ങളുടെ ആനന്ദത്തിനു ക്ഷതം സംഭവിച്ചേക്കാം. ചിലപ്പോൾ അപകടകരമാം വിധം ഭൂമിയിലേക്ക്‌ പിടഞ്ഞുവീണ് കൂട്ടത്തിലെ എണ്ണം കുറഞ്ഞേക്കാം. അപ്പോഴും ആകാശത്തിന് തിലകക്കുറിയായി ചിറകുകൾ ഒരേ താളത്തിലിളക്കി ദീർഘ വൃത്തത്തിന്റെ സാങ്കല്പ്പിക മതിലിനിടയിലെ ശൂന്യതയിൽ ഞങ്ങൾ സൗന്ദര്യം സൃഷ്ടിച്ചു കൊണ്ടേയിരിക്കും.

അപരിചിതരായ ദേശാടന പക്ഷികൾ പോലും ഒരു മാത്ര ഞങ്ങളുടെ വിഹായസിലൂടെ പറന്നുപോകാനിടയായാൽ ഞങ്ങൾതീർത്ത ആനന്ദത്തിന്റെ ചുഴിയിൽ, അപരിചിതത്വത്തിന്റെ പരിമിതികളില്ലാതെ അവർ ചിറകു വിരുത്തുന്നു. അപ്പോൾ നരച്ചകറുപ്പിലും സ്വർണ്ണ വർണ്ണ രാശിയിലും തിളങ്ങുന്ന ചിറകുകൾക്ക് പകരം ആകാശത്ത് മഴവില്ലുപോലെ സപ്തവർണ്ണങ്ങളിൽ തൂവലുകൾ വിടരുന്നു. താഴെ ഭൂമിയിൽ നിന്നും അപ്പോഴൊക്കെ മനുഷ്യ മരങ്ങൾ യന്ത്രങ്ങളിൽ  നിന്നും വെടിയുണ്ടകൾ ചീറ്റിക്കുമ്പോഴും വർണ്ണ രാജിയിൽനിന്നും ചില ഇതളുകൾ കൊഴിഞ്ഞു താഴേക്കു പതിക്കുമ്പോഴും അവശേഷിക്കുന്ന ചിറകുകൾ,  ദീർഘ വൃത്തത്തിന്റെ മുറിഞ്ഞുപോയ മുനമ്പുകളെ ബന്ധിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് വട്ടമിട്ടുകൊണ്ടേയിരിക്കും! ഉറ്റവരുടെ തകർച്ചയിൽപ്പോലും മനുഷ്യ ജീവികളെപ്പോലെ അലറിക്കരയുകയോ, കൂട്ടം കൂടി സഹതപിക്കുകയോ ഞങ്ങളുടെ സഹജ വാസനയല്ല. ആഗ്രഹങ്ങളെ ഞങ്ങൾ പരിപോഷിപ്പിക്കാത്തതിനാൽ പ്രകൃതി കല്പിതമായ എല്ലാറ്റിനേയും അതിന്റെ സ്വാഭാവികതയ്ക്ക് വിട്ടുകൊടുത്ത് ചിറകു വിടർത്തി വിഹായസിൽ ഒരു പ്രതിഭാസമായിതന്നെ  പാറിക്കൊണ്ടേയിരിക്കും.

ഞങ്ങളിങ്ങിനെ കൂടിച്ചേർന്ന് വട്ടമിട്ടുകൊണ്ടിരിക്കുമ്പോൾ പടിഞ്ഞാറേ ചരുവിലെ അത്ഭുതമായ സൂര്യൻ, ചുട്ടുപഴുത്ത ഒരു സ്വർണ്ണത്തളികപോലെ താഴുമ്പോഴും പിന്നീട് കിഴക്ക് മേലാപ്പഴിച്ച് പൊന്തുമ്പോഴും ഇങ്ങിനെ ഉല്ലാസത്തോടെ ഞങ്ങൾ വട്ടമിട്ടു പറക്കും..! നിത്യത്ഭുതം കണ്ടു നൃത്തം ചവിട്ടി താഴെ ഭൂമിയിലേക്ക്‌ അല്പമൊന്നു ചരിഞ്ഞു പറന്ന് പാളി നോക്കിയാൽ കൂറ്റൻ പുകക്കുഴലുകളും അച്ചിട്ടു നിരത്തിയ മനുഷ്യ നിർമിതികളും മാത്രമേ ഞങ്ങൾ കാണാറുള്ളൂ. അവർക്ക് നഷ്ടപ്പെട്ട്പോയ ഇത്തരം ദിവ്യ ദർശന മോർത്ത് പരിതപിക്കാതെ അപ്പോഴും ചിറകുകൾ വിടർത്തി ഒരു പരന്ന പ്രതലത്തിലെന്നപോലെ സമയക്രമങ്ങളുടെ വിലങ്ങു തടികളില്ലാതെ ഞങ്ങൾ ഒഴുകി നടക്കും!

വിശപ്പ്‌ നാമ്പു നീട്ടുമ്പോൾ ഭൂമിയിലേക്ക്‌ കൂർത്ത കണ്ണുകളിളക്കി പാളിനോക്കാൻ ഞങ്ങൾ ഇപ്പോൾ മനപൂർവ്വം  ശ്രമിക്കാറില്ല. കൃത്രിമ നിർമിതികളുടെയിടയിലെ അരിപ്പുപോലുള്ള ഭൂമിയുടെ ശുഷ്കിച്ച പ്രതലങ്ങളിൽ ഒരു കോഴികുഞ്ഞിനേയോ എലി കുഞ്ഞൻ മാരേയോ പുഴുക്കളെയോ പാമ്പുകളേയോ തേടുന്നത് വ്യർത്ഥമാണെന്ന് കാലാ കാലങ്ങളിലായി ഞങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. വിശപ്പിന്റെ താളം തലച്ചോറിൽ ആനന്ദത്തിന്റെ നിത്യതയായി പരിണമിച്ചിരിക്കുന്നതിനാൽ ഒഴിഞ്ഞൊട്ടിയ വയറുകൾ ഞങ്ങളെ കൃത്യ വിലോപത്തിലേക്കോ കൊടും ക്രൂരതയിലേക്കോ നയിക്കുന്നില്ല. ഞങ്ങളിങ്ങനെ ആകാശത്തിൽ വട്ടമിട്ട് അപകടകരമല്ലാത്ത കറുത്ത ഒരു ചുഴിയായി തുടിച്ചുകൊണ്ടേയിരിക്കും

നിത്യവും ഒരു അംബര ചുംബിയുടെ നെറുകയിൽ ചലിക്കാൻ കഴിയുന്ന ഒരു മനുഷ്യമരം ഞങ്ങളുടെ കാഴ്ച്ചയുടെ അറ്റത്ത്‌ ഒരു നിഴലായി കാണപ്പെട്ടു തുടങ്ങിയത് വളരെ കഴിഞ്ഞാണ്. ഉല്ലാസത്തിൽ  മനസുനിറഞ്ഞ്‌ കാഴ്ച്ചക്കാരൻ ക്രമേണ ഞങ്ങളിലൊരു അംഗമായി പരിണമിച്ച് ചിറകുവിടർത്തി വട്ടമിട്ടു തുടങ്ങിയപ്പോഴും ദീർഘവൃത്തം അതിഭാവുകത്വമില്ലാതെ, ധൃതി പിടിക്കാത്ത ചുഴലിക്കാറ്റിന്റെ നിഴലുപോലെ ഒരു പ്രതിഭാസമായി ഇതാ- വലംവച്ച് പറന്നു കൊണ്ടേയിരിക്കുന്നു.

Sunday, December 7, 2014

'കോണ്ടം സിദ്ധാന്തം' അഥവാ ഉറയും, മനസ്സും വഴുതുന്ന അവസ്ഥ...


പറയാൻ മുഷിപ്പ് തോന്നുമെങ്കിലും പ്രവർത്തിക്കാൻ ആവേശം തോന്നുന്ന ഇത്തിരി ആശ്ലീലം തന്നെയാണ് വിൽഫ്രെഡിനും സംഭവിച്ചിരിക്കുന്നത്. തന്റെ കാമുകിയോടൊപ്പം ഭോഗലീലകളിലേർപ്പെട്ടിരിക്കുബോൾ ഡ്യൂറെക്സിന്റെ പ്രതിരോധകവചം വഴുതി ഉഷ്ണപ്പായയിൽ പതിച്ച ഒരു നിർഭാഗ്യ നിമിഷമാണ്‌ സന്ദർഭം!.

കാര്യങ്ങൾ മാസ്മരികതയിലേക്കെത്തിച്ചേരാൻ പത്തിലൊന്ന് നിമിഷങ്ങൾ മാത്രം അവശേഷിക്കുബോൾ തന്റെ എല്ലാമെല്ലാമായ '---' ന്റെ (ആ സമയത്ത് ഒരു പ്രത്യേക വിശേഷണ പദം കിട്ടുക വിഷമമല്ലേ..!) വാട്സ് ആപ്പിൽ വലിപ്പം കുറഞ്ഞ ഉൽക്കപോലെ ഒരു സന്ദേശം വന്നുപതിച്ചു. അതേ നിമിഷത്തിൽ കോണ്ടം അതിന്റെ സാധ്യതകൾ  മറന്ന് ഗുരുത്വാകർഷണത്തെ മാനിച്ചു. ചുളിഞ്ഞ; അത്രയൊന്നും വെടിപ്പും വൃത്തിയുമില്ലാത്ത കിടക്കയിലേക്ക് ജല ജീവിപോലെ അത് വഴുതി വീണു. ഗൌളിയെപ്പോലെ വിൽഫ്രെഡ്‌ കൈകുത്തി നിശ്ചലനായി. അതേ നിൽപ്പിൽ സ്വയം അവലോകനം ചെയ്തപ്പോൾ വിൽഫ്രെഡിന് ഇങ്ങിനെ തോന്നി: 'വൃത്തികെട്ടവൻ!. മൃഗങ്ങൾ ഇതിനെക്കാൾ എത്രയോ ഭേദം.! തന്റെ മാത്രം സ്വകാര്യമായിരുന്ന നഗ്നത..! ഛെ..!, ഇത്തിരിക്കൂടി ഭേദപ്പെട്ട മറ്റ് ഉല്ലാസോപാദികളൊന്നും മനുഷ്യന്...'

തല താഴ്‌ത്തി നോക്കുംബോൾ അന്ധേരിയിൽ അധ്ബിൻ സാഹിബിന്റെ ഇറച്ചിവെട്ടുകട ഓർമ്മ വരുന്നു. വീതിയുള്ള ഉരുളൻ മരക്കുറ്റി. തൊലിയുരിഞ്ഞ് കഷ്ണങ്ങളാക്കാൻ വച്ച ചൂളയിൽ വിരിഞ്ഞുവളർന്ന കോഴിയെപ്പോലെ...!

ത്ഭൂ.....!! വിൽഫ്രെഡ്‌ നീട്ടിത്തുപ്പി.

ഒരുതരം വൈക്ലബ്യം,  ഇത് എന്തുതരം വൈക്ലബ്യമാണ്?- വിൽഫ്രെഡ്‌ ചിന്തിച്ചു.

ഗൌളിയുടെ അവസ്ഥയിൽ നിന്നും ഇരുകാലിയായി രൂപാന്തരം പ്രാപിച്ച് വിൽഫ്രെഡ്‌ നിലത്തിറങ്ങി. സ്വിച്ച് പരതി. അപ്പോഴാണ്‌ ഓർത്തത്‌; വേണ്ട-പ്രകാശം പരത്തിക്കേണ്ടതില്ല. നഗ്ന വെളിച്ചത്തിൽ കണ്ണുകളിടയുന്നത് ഈയവസരത്തിൽ നന്നല്ല. വസ്ത്രങ്ങൾ കാലുകൾകൊണ്ടു പരതിയാൽ കിട്ടാവുന്നതേയുള്ളൂ. പരിചയക്കുറവിന്റെ ദോഷങ്ങളാണ് ഇതൊക്കെ. അടിവസ്ത്രം എങ്ങോട്ടാണ് വലിച്ചെറിഞ്ഞതെന്ന് ഓർത്തെടുക്കുന്നത് വിഷമകരമാകും. ഷൂ, റാക്കിൽ കയറ്റിവച്ചിട്ടാണ് കയറിയത്. അതോർമ്മയുണ്ട്. ഭാഗ്യം..!

വിൽഫ്രെഡ്‌ കതകുചാരി കട്ടിൽകിടക്കുന്ന ഇരുളിലേക്ക് നോക്കി. പെട്ടെന്ന് അബ്ദുവിനെ ഓർമ്മ വന്നു. ഇപ്പോൾ എന്താ അബ്ദുവിനെ ഓർക്കാൻ?

അബ്ദു കരിച്ചൽത്തോട് തുപ്പി നാറ്റിക്കാൻ രാവിലെ തുടങ്ങും. ഞങ്ങൾ രണ്ടാളും. തോടിന്റെ കരയിൽ നിന്ന് നീട്ടിത്തുപ്പും. അവന്റെ തുപ്പൽ പറക്കുന്ന പ്രാവിന്റെ ചേഷ്ട്ട പോലെ മറുകരതൊടും. 100 ഗ്രാം കോൾഗേറ്റു തുപ്പിത്തീർത്ത ദിവസങ്ങളുമുണ്ട്. അങ്ങിനെയാണ് ത്രേസ്യാമ്മ ചന്തി പപ്പടം പോലെ പോള്ളിച്ചിട്ട് മാവിലയുടെ ഉപയോഗം പറഞ്ഞു തരുന്നത്. അബ്ദുവിന്റെ അച്ഛൻ നാട്ടിൽ വരുബോഴൊക്കെ തുപ്പി തീർത്തതിനെകാൾ വലിയ കുഴലുകൾ കൊണ്ടു കൊടുത്തു. തോട്ടിലേക്ക് ചാഞ്ഞ തെങ്ങിന്റെ പാത്തിയിൽ കാലുകൾ നീട്ടിയിരുന്ന് തുപ്പുന്ന അബ്ദുവിനെ നോക്കി ഒരു ഇന്ദ്ര ജാലത്താൽ അബ്ദു നശിക്കട്ടെ എന്ന് ശപിക്കും.  അടുത്ത നിമിഷം അബ്ദു തുപ്പൽ പൂത്തിരിപോലെ ആകാശത്തേക്ക് ഉയർത്തുന്നത് കാണാം. ഈശോക്ക് രൂപക്കൂടിലെ ജാടയല്ലാതെ കാര്യ ഗൌരവമില്ലെന്ന വിചാരം ആദ്യമായി തോന്നിത്തുടങ്ങിയത് അന്നുമുതലാണ്. ഇങ്ങിനെ പരാചയത്തിന്റെ ഒഴുക്ക്, എന്നും നെടുംചാൽ കീറി മുന്നോട്ടൊഴുകുന്നു. എല്ലാം എപ്പോഴും ഇങ്ങനെയെന്തൊക്കെയോ ആയി കുരുങ്ങി ഇഴകൾ  വേർതിരിക്കാൻ കഴിയാതെ...

വാതിൽ ചാരിയോ.  ഉറപ്പില്ല; വിൽഫ്രെഡ്‌ പുറത്തേക്കിറങ്ങി. ഹൈമാസ്റ്റ് പ്രകാശവും രാപ്പകലുകൾ മറന്ന് ചീറിപ്പായുന്ന വാഹന വ്യൂഹങ്ങളും അപരിചിതരും മാത്രമുള്ള വിശാലമായ നഗരം. സിനിമാ സാഹസികത പോലെ ഡ്രയിനേജ് പൈപ്പുവഴി നെഞ്ഞുരച്ചു മുകളിലേക്കോ മതിൽചാടി പുറത്തേക്കോ നായകന് കഷ്ട്ടപ്പെടേണ്ടി വരാത്ത നഗരം. ആകാശത്തേക്ക് കുത്തിനിർത്തിയ നീളൻ ഫ്ലാറ്റാണിത്. ഇടനാഴി കടന്നാൽ ലിഫ്റ്റ്‌ പിടിക്കാം. ഒരു അലമാരയുടെ ഉള്ളിലെന്നപോലെ ലിഫ്റ്റ്‌ 16 ൽ നിന്ന് പൂജ്യത്തിലേക്കുപതിക്കും. മുഷിഞ്ഞ സ്വെറ്ററും പഴഞ്ചൻ സ്കാർഫും പുതച്ച് കസേരയിൽ ചുരുണ്ടിരുന്നുറങ്ങുന്ന ഭോലാ ഭായിയെയോ, അബ്രിക് സിങ്ങിനേയോ മറികടന്നാൽ ഉറക്കമില്ലാത്ത നഗരത്തിലേക്ക് നടന്നിറങ്ങാം...

അവന്യു ഒന്നിലെ മുഷിഞ്ഞ തന്റെ മുന്നൂറ്റിയാറാം നമ്പർ മുറിയെപ്പറ്റി ചിന്തിക്കുബോൾ ഹൃദയത്തിൽ, തുരപ്പൻ തുരക്കാനായി നിരങ്ങി നീങ്ങിവരുന്ന കാഴ്ച തെളിഞ്ഞുവരുന്നു. ഏതൊന്നും ഓർമ്മയിൽ മുട്ടി ഹൃദയം വലിയാതിരിക്കാൻ വിൽഫ്രെഡ്‌ കൈയിലെ പത്ത് വിരലുകളിലും മാറി മാറി ഞൊട്ടയിട്ടുകൊണ്ട് മുന്നോട്ടു നടന്നു. ചിലപ്പോഴൊക്കെ സ്വർണ്ണ നിറത്തിൽ പതിഞ്ഞു നീങ്ങുന്ന സ്വന്തം കരിനിഴലിൽ കാലടികൾ വച്ച് ഒരുതരം ആഹ്ലാദം മനസിനെ പൊതിയുന്നതായി നടിച്ചുകൊണ്ട്‌....

ടാക്സി പിടിച്ചാണ് വിൽഫ്രെഡിന് അവന്യു ഒന്നിലേക്ക് തിരിച്ചു പോകേണ്ടിയിരുന്നത്‌. പകലായിരുന്നെങ്കിൽ 'ബി-6' ബസ്സ്‌ പിടിക്കണം. ഒരു ആപ് ഉണ്ട്. അതുഞെക്കിയാൽ ടാക്സിയെത്തും. തെരുവിന്റെ ചില മറവുകളിൽ നിന്ന് ഡ്രൈവർ ജി. പി. ആർ. എസ് വഴി വിൽഫ്രെഡിന്റെ മറ്റാരും ആ നിമിഷത്തിൽ കാണാത്ത മനസ്സിനെ തോട്ടറിയും. പക്ഷെ ഇപ്പോൾ ടാക്സി വേണ്ട. നടക്കാൻ തന്നെയാണ് തീരുമാനം. ചുമട്ടു കാളയെപ്പോലെ എത്രയോ മരവണ്ടികൾ പണ്ട് ഈ നഗരത്തിൽ വലിച്ച് നടന്നിരിക്കുന്നു...!

മുകളിലെ ഇരുംബു തൂണിൽ നിന്ന് കുത്തിചൊരിയുന്ന മഞ്ഞ പ്രാകാശം. പ്രാകശത്തിലേക്ക് നോക്കി വിൽഫ്രെഡു ചിന്തിച്ചു: എത്ര കോടി വർഷങ്ങളായി പ്രപഞ്ചം നിലനിൽക്കുന്നു..! താൻ നിലനിൽക്കുമോ? ജീവന്റെ തന്മാത്ര തന്നോടൊപ്പം വിരലിൽ കൂട്ടാവുന്ന വർഷങ്ങൾ കൊണ്ട് വിസ്മൃതിയിലേക്ക് പതിക്കാൻ പോകുകയാണ്. ഒരു പുത്രനിലൂടെ തന്മാത്ര മുന്നോട്ട് നടക്കും. അച്ഛൻ ആരാണെങ്കിലും അദേഹത്തിന്റെ തന്മാത്ര താൻ വഹിച്ചു നടക്കുന്നില്ലേ.

താത്ത്വികമായി ചിന്തിച്ച് അനിവാര്യമായ നാശം ഒഴിവാക്കാനാണ് വാട്സ് ആപ് ഒരു റഡാർ പോലെ സ്ഥാപിച്ച് വിൽഫ്രെഡ്‌ ജീവിതത്തിന്റെ ആവർത്തന വിരസതയുടെ പൽച്ചക്രങ്ങൾ തിരിച്ചു കറക്കാൻ മാസങ്ങൾക്കുമുൻപ് തുടക്കമിട്ടത്. അതിനും ഉദ്ദേശം പറഞ്ഞാൽ പതിറ്റാണ്ടുകൾക്കുമുൻപുതന്നെ രഹസ്യമായോ അതി നിഗൂഡമായോ എതിർ ലിംഗാന്വേക്ഷണം വിൽഫ്രെഡ്‌ തുടങ്ങിയിട്ടുണ്ടായിരുന്നു. ശാസ്ത്രത്തിന്റെ ശോചനീയ അവസ്ഥയും ഒരുപക്ഷേ അന്നൊക്കെ ഉദ്ദേശശുദ്ധിക്ക് തുരങ്കം വച്ചിട്ടുണ്ടാകും. അതിന്റെയൊക്കെ പരിസമാപ്തിയാണ് കുറച്ചു മുൻപ് ഒരു നിമിഷം കൊണ്ടു പാളിപ്പോയത്. അതോർത്തപ്പോൾ വിൽഫ്രെഡ്‌ വിളക്കുകാലിന്റെയോ കൂറ്റൻ പരസ്യ ബോർഡിന്റെയോ കീഴിൽ നിന്ന് വീണ്ടും വീണ്ടും ഞെട്ടി. ഒരു ഭീമാകാരാൻ ട്രെയ് ലർ 24 ടയറുകളുമായി വിൽഫ്രെഡിന്റെ ഞെട്ടലുകളും ചിന്തകളും മറച്ചുകൊണ്ട് അതുവഴി കടന്നുപോയി. അതിങ്ങനെ ടാറിലൂടെ യിഴഞ്ഞ് പ്രഭാതത്തിന്റെ കുളിർമയിലൂടെ കിളികളുടെ കലമ്പലുകളേറ്റുവാങ്ങി മുന്നോട്ടു പോകും...!

വരാൻ പോകുന്ന പ്രഭാതത്തെയോർത്തുകൊണ്ട് വിൽഫ്രെഡ്‌ തന്റെ കോണ്ടം സിദ്ധാന്തത്തിലേക്ക് തിരിച്ചു വന്നു. അതെ-കോണ്ടം സിദ്ധാന്തത്തിലൂടെ തുടക്കമിട്ട് പതിയെ മറ്റൊരു ശുഭ മുഹൂർത്തത്തിൽ ബീജാവാപം നടത്താമെന്നായിരുന്നു വിൽഫ്രെഡിന്റെ രഹസ്യ പദ്ധതി. വലിയൊരു മാസ്മരിക പ്രകടനത്തിലൂടെ എതിർലിംഗത്തിന്റെ മനസ്സ് കീഴ്‌പ്പെടുത്തുക എന്നതാണ് തന്ത്രം. ഒരിക്കലതിൽ വിജയിക്കാനായാൽ തന്മാത്ര കൈയും കാലും വച്ച് പുറത്തേക്കു വരും. കൊച്ചുത്രേസ്യാമ്മയ്ക്ക്  പണ്ട് സംഭവിച്ചതുപോലെ...ത്രേസ്യാമ്മ പരദൂഷണക്കാരെ ആട്ടിപ്പായിച്ച് കല്പാത്തിയുടെ ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ട് തന്നെ വളർത്തിയില്ലേ...! കോണ്ടം സിദ്ധാന്തത്തെ വിൽഫ്രെഡ്‌ സ്വയം നിർമ്മിച്ചെടുത്തത് സ്വന്തം അനുഭവങ്ങളുടെ ശ്രേഷ്ട്ടത കൊണ്ടാണ്. എന്നാലും എവിടെയൊക്കെയോ എന്തൊക്കെയോ കുരുങ്ങുകയോ പരാചയപ്പെടുകയോ....

പെട്ടെന്ന്  കാലിൽത്തടഞ്ഞ തകരക്കൂടിനെ വിദഗ്ദനായ കാൽപ്പന്തു തട്ടുകാരനെപോലെ ഇരുളിലൂടെ പറപ്പിച്ചു കൊണ്ട് വിൽഫ്രെഡ്‌ മനസ്സിനെ ശിലപോലെ ഉറയ്കൂ എന്ന് സ്വയം അഭ്യർത്തിച്ചു. ശിവജി മാർഗ് ഇര വിഴുങ്ങിയ പാംബിനെപ്പോലെ ഇഴയാൻ മടിച്ച് മയങ്ങി ക്കിടക്കുകയാണ്.  ഇരുപത്തിയേഴു വർഷങ്ങളായി ഈ നഗരത്തിലിങ്ങിനെ രാത്രിയും, പകലും, ഋതുക്കളും കടന്ന് വാഹനങ്ങളും മനുഷ്യരും ചീറിപ്പാഞ്ഞുകൊണ്ടേയിരിക്കുന്നു.

****

ആവർത്തന വിരസത വിൽഫ്രെഡിനെ നോവിക്കുന്നുണ്ടോയെന്ന് നമുക്കാർക്കുമറിയില്ല. നിലാവ് മങ്ങി മഴ ചോർന്നു കൊണ്ടിരുന്ന ഒരു രാത്രിയിൽ കൽപ്പാത്തിയുടെ പടിഞ്ഞാറേക്കരയിൽ നിന്നിറങ്ങിപ്പുറപ്പെട്ടിട്ട് തിരികെ പോകാത്തത് എന്തുകൊണ്ടാണ്? അന്നേരമുണ്ടായിരുന്ന കുരുക്ഷേത്ര സമാനമായ സംഘർഷം എന്തായിരുന്നിരിക്കും? അതൊക്കെ വിൽഫ്രെഡിനും കൊച്ചുത്രേസ്യക്കുമല്ലാതെ മറ്റാർക്കെങ്കിലും അതിനെപ്പറ്റി അറിവുണ്ടായിരുന്നോ?, നമുക്ക് ഒന്നുമറിയില്ല.

ഇപ്പോൾ നോക്കിയാൽ 'ബി 6' ബസ്സ് സ്റ്റോപ്പിൽ എത്തി നില്ക്കുന്ന വിൽഫ്രെഡിനെകാണാം. പുലർക്കാലത്ത് വന്നുചേരാനിടയുള്ള ബസ്സുകൾക്കായി സാമാന്യം വൃത്തി കുറഞ്ഞ ബസ്സ് ഷെൽട്ടർ മഞ്ഞുപുതച്ചു കിടക്കുന്നു. പക്ഷെ അവിടെ തങ്ങിനില്ക്കാതെ കോളാബാ റോഡിലേക്ക് വിൽഫ്രെഡ്‌ നടക്കുന്നു. മുന്നൂറു മീറ്റർ നടന്നാൽ അടികലങ്ങി മറിയുന്ന കടലാണ്. അതിനപ്പുറം നങ്കൂരമിട്ട കപ്പലുകൾക്കിടയിലൂടെ കടൽ നോക്കി നിൽക്കുമ്പോൾ എന്തെങ്കിലും വഴുതിപ്പോയതായി വിൽഫ്രെഡിനു തോന്നുകയില്ലായിരിക്കാം. മറ്റൊരു സിദ്ധാന്തവും ചിലപ്പോൾ അവിടെവെച്ച് ആവിഷ്ക്കരിക്കാൻ കഴിഞ്ഞേക്കും.

കാൽനടക്കാർക്കുള്ള വഴി വിട്ട് നിലാവിന്റെ ലാളനയിൽ തണുത്തു കിടന്ന നിരത്തിലൂടെ വിൽഫ്രെഡ്‌ നടക്കുകയാണ്....

NB: കൈരളിയുടെ കാക്കയിൽ 2016 ജനുവരി-മാർച് ലക്കം പസിദ്ധീകരിച്ച കഥ.  


മുംബൈയിൽ നിന്ന് ശ്രീ. മോഹൻ കാക്കനാടാൻ 
പ്രസിദ്ധീകരിക്കുന്ന കൈരളിയുടെ കാക്ക. 



Saturday, November 15, 2014

പോൾ മാത്യു

ഒരേഒരു സത്യമാണ് ജീവിച്ചുപോന്ന അൻപത്തിരണ്ടു വർഷങ്ങൾ കൊണ്ട് പോൾ മാത്യുവിന് മനസ്സിലാക്കാൻ കഴിഞ്ഞത്. അയാൾ, കാർ പോർച്ചിൽ കയറ്റിയിട്ട് കാത്തിരുന്ന് ക്ഷീണിച്ചുറങ്ങിപ്പോയ കുട്ടേട്ടനെ ഉണർത്താതെ, 'വെണ്‍തിങ്കൾ' എന്നൊക്കെ കവികൾ പാടിപ്പുകഴ്ത്തിയിരുന്ന നിലാവിലൂടെ കടൽക്കരയിലേക്ക് നടന്നു. അർദ്ധരാത്രി യായിരുന്നതിനാൽ ഏകാഗ്രത നഷ്ടപ്പെടില്ലായെന്നു തിട്ടമുണ്ടായിരുന്നു. പിന്നെ പുറകിൽ നിന്നുവിളിക്കാൻ കുട്ടേട്ടനും ഉണ്ടാകില്ല. ആശുപത്രിയിൽ നാളെമുതൽ  കുറച്ചു കാലത്തേക്ക് എല്ലുരോഗ വിധഗ്ദ്ധൻ ഉണ്ടാകില്ല; അത്രയല്ലേയുള്ളൂ...വേറെ ബുദ്ധിമുട്ടുകൾ മറ്റാർക്കും പോൾ മാത്യു ഇതുവരെ ഉണ്ടാക്കിയിട്ടില്ല, അതുസത്യമല്ലേ..!

പിന്നെ, കുട്ടേട്ടന്- ഒരു കൂറ്റൻ ബംഗ്ലാവും, ഏക്കറു കണക്കിന് സ്വത്തും, കുറച്ചു പഴക്കമുള്ളതാണെങ്കിലും ഒരു ഫോർഡു കാറും സ്വന്തമാകാൻ പോകുന്നു!, പണ്ട് നനകിഴങ്ങ് മോഷ്ടിച്ചു  വിശപ്പടക്കിയിരുന്ന കുട്ടേട്ടന് ജിവിതം ധന്യമായതായി തോന്നാൻ ഇതിൽപ്പരമെന്തുവേണം? ഒരുനാൾ അടിമ; മറ്റൊരുനാൾ ഉടമയെന്നാണല്ലോ പ്രമാണം.!

പോൾ മാത്യു പാറക്കെട്ടിന്റെ തുമ്പത്ത് വലിഞ്ഞു കയറി. പാവാടയുടെ ഞൊറി പോലെ വെളുത്ത തിരമാലകൾ താഴെ നൃത്തം ചെയ്യുകയാണെന്ന് പറയുന്നതിൽ അതിശയോക്തിയില്ല. അപ്പോൾ ഉപ്പുകാറ്റ് തരണം ചെയ്ത് അതുവഴി കടന്നുപോയ ഒരു കൊതുക് പോൾ മാത്യുവിന്റെ ഇതുവരെ ആരും ചുംബിക്കാത്ത തുടുത്ത കവിളുകൾ കണ്ട് സ്വയം വിറച്ചു.

കവിളിൽ കുത്തിയ ഒരു കൊതുകിനോട് 'രക്തമായാലും സ്വർണ്ണമായാലും, മോക്ഷണം നല്ലതാണോ?' എന്ന് ഉപദേശ രൂപേണ ചോദിച്ചിട്ട് പൊക്കോളാൻ അദ്ദേഹം ആജ്ഞാപിച്ചു. എന്നിട്ട് പോൾ മാത്യു കടലിലേക്ക്‌ എടുത്തു ചാടി. കടൽ നേരെ കായലിലേക്ക് അരിച്ചു കയറി. കായൽ കടലിലേക്കും! 

Sunday, May 18, 2014

തെറ്റിദ്ധരിക്കാനുണ്ടായ രണ്ട് കാരണങ്ങൾ


1. ഒരു പെണ്‍കുട്ടി ഗർഭം ധരിച്ചു:

അയാൾ  ഓടിപ്പോയി അവളെ കെട്ടിപ്പിടിച്ച് അടിവയർ തടവി.
'എന്റെ ഉമ്മയും ഇതുപോലെ ഗർഭം ധരിച്ചിരുന്നു. അങ്ങിനെയാണ് ഞാൻ ഉണ്ടായത്!'. പെണ്‍കുട്ടി അയാളെ തട്ടിത്തെറിപ്പിച്ച് കരിവാര കുണ്ടിലിട്ടു ചവിട്ടി. ചാരി ത്തൂങ്ങി അലസരായിരുന്ന കവലക്കൂട്ടങ്ങൾ ഉണർന്നു. ഉണർന്നവരിൽ ചിലർ സ്വന്തം ആരോഗ്യ പ്രശ്നങ്ങൾ തല്ക്കാലം മറന്ന് മുഷ്ടി ചുരുട്ടി ഇടിച്ചു.

2. മറ്റൊരു പെണ്‍കുട്ടി പ്രേമം കൊതിച്ച്, ചാതകപ്പക്ഷിയെപ്പോലെ ഏകയായി അരിമണലിനക്കരെ കുളിക്കടവിൽ എത്തി:

കടവിൽ വള്ളവും ചാത്തുവും ഇല്ലായിരുന്നു. അയാൾ  നീന്തി മറുകര കടന്ന് പക്ഷിയുടെ ചുണ്ടിൽ മൃദുവായി ചുംബിച്ച് കുടിലിലേക്ക്  ക്ഷണിച്ചു. അംബൂട്ടപ്പണിക്കരുടെ മകൻ തുളസി, തെങ്ങിൻ പട്ടകൾക്കിടയിൽ നിന്ന്  കൊള്ളിയാൻ പോലെ താഴേക്ക് പതിച്ചു. പൽപ്പു കമ്യൂണിസ്റ്റു പള്ളയുടെ കംബുകൾ അകത്തി പുറത്തു ചാടി. ചാത്തു വയ്കോൽ കൂനകളിൽ നിന്ന് കടവിലേക്ക് പൊട്ടിത്തെറിച്ചു.

തുളസി അയാളെ പുറകോട്ടു തള്ളി. ചാത്തു- 'പങ്കായം'- ബുദ്ധി പ്രവാഹത്തിന്റെ സിരാകേന്ദ്രമായ പുറം തലയിലേക്ക് ചുഴറ്റി. പൽപ്പു, പാറക്കല്ല്‌ ഉയർത്താൻ കടവിലേക്ക് ചാടി.

അയാൾ തല്കാലം മരിച്ചിരിക്കുന്നു.
 
എല്ലാപേരും പൊട്ടിപൊട്ടിച്ചിരിച്ചു, ഉമ്മ മാത്രം തേങ്ങിത്തേങ്ങിക്കരഞ്ഞു.