Sunday, May 18, 2014

തെറ്റിദ്ധരിക്കാനുണ്ടായ രണ്ട് കാരണങ്ങൾ


1. ഒരു പെണ്‍കുട്ടി ഗർഭം ധരിച്ചു:

അയാൾ  ഓടിപ്പോയി അവളെ കെട്ടിപ്പിടിച്ച് അടിവയർ തടവി.
'എന്റെ ഉമ്മയും ഇതുപോലെ ഗർഭം ധരിച്ചിരുന്നു. അങ്ങിനെയാണ് ഞാൻ ഉണ്ടായത്!'. പെണ്‍കുട്ടി അയാളെ തട്ടിത്തെറിപ്പിച്ച് കരിവാര കുണ്ടിലിട്ടു ചവിട്ടി. ചാരി ത്തൂങ്ങി അലസരായിരുന്ന കവലക്കൂട്ടങ്ങൾ ഉണർന്നു. ഉണർന്നവരിൽ ചിലർ സ്വന്തം ആരോഗ്യ പ്രശ്നങ്ങൾ തല്ക്കാലം മറന്ന് മുഷ്ടി ചുരുട്ടി ഇടിച്ചു.

2. മറ്റൊരു പെണ്‍കുട്ടി പ്രേമം കൊതിച്ച്, ചാതകപ്പക്ഷിയെപ്പോലെ ഏകയായി അരിമണലിനക്കരെ കുളിക്കടവിൽ എത്തി:

കടവിൽ വള്ളവും ചാത്തുവും ഇല്ലായിരുന്നു. അയാൾ  നീന്തി മറുകര കടന്ന് പക്ഷിയുടെ ചുണ്ടിൽ മൃദുവായി ചുംബിച്ച് കുടിലിലേക്ക്  ക്ഷണിച്ചു. അംബൂട്ടപ്പണിക്കരുടെ മകൻ തുളസി, തെങ്ങിൻ പട്ടകൾക്കിടയിൽ നിന്ന്  കൊള്ളിയാൻ പോലെ താഴേക്ക് പതിച്ചു. പൽപ്പു കമ്യൂണിസ്റ്റു പള്ളയുടെ കംബുകൾ അകത്തി പുറത്തു ചാടി. ചാത്തു വയ്കോൽ കൂനകളിൽ നിന്ന് കടവിലേക്ക് പൊട്ടിത്തെറിച്ചു.

തുളസി അയാളെ പുറകോട്ടു തള്ളി. ചാത്തു- 'പങ്കായം'- ബുദ്ധി പ്രവാഹത്തിന്റെ സിരാകേന്ദ്രമായ പുറം തലയിലേക്ക് ചുഴറ്റി. പൽപ്പു, പാറക്കല്ല്‌ ഉയർത്താൻ കടവിലേക്ക് ചാടി.

അയാൾ തല്കാലം മരിച്ചിരിക്കുന്നു.
 
എല്ലാപേരും പൊട്ടിപൊട്ടിച്ചിരിച്ചു, ഉമ്മ മാത്രം തേങ്ങിത്തേങ്ങിക്കരഞ്ഞു.

Monday, February 17, 2014

'അന്ധവിശ്വാസങ്ങളുടെ പൊങ്കാല'

'അന്ധവിശ്വാസങ്ങളുടെ പൊങ്കാല'
അധ്യാപകനും ചിന്തകനുമായ എസ്. രാജശേഖരന്റെ ഫേസ്ബുക്ക്‌ പോസ്റ്റിനുള്ള മറുപടി.

പോസ്റ്റ്‌:

അന്ധവിശ്വാസങ്ങളുടെ പൊങ്കാല. കമ്മ്യൂണിസം മതത്തിനെതിരാണ്, പക്ഷേ മതവിശ്വാസികൾക്കെതിരല്ല. അതുകൊണ്ട് വിശ്വാസികളുടെ പലതാത്പര്യങ്ങളും പരിഗണിക്കേണ്ടതായിവരും. ആ നിലയിൽ പൊങ്കാലയെ കമ്മ്യൂണിസ്റ്റ്കാരന് അവഗണിക്കാനാവില്ല. കൈരളിക്കും. എന്നാൽ, ആറ്റുകാൽ പൊങ്കാല പോലുള്ള അന്ധവിശ്വാസ-അനാചാരങ്ങളുടെ പെരുപ്പത്തെ മറ്റുള്ളവരിൽനിന്ന് തികച്ചും വ്യത്യസ്തമായിത്തന്നെയാണ്കമ്മ്യൂണിസ്റ്റ്കാർ കാണേണ്ടത് . അന്ധവിശ്വാസ-അനാചാരങ്ങളെ സഹിഷ്ണുതയോടെ കാണുമ്പോൾത്തന്നെ അവയുടെ പ്രചാരത്തെ തടയാനും മിഥ്യയായ ഭക്തി-വിശ്വാസങ്ങളിൽനിന്ന് ജനങ്ങളെ യാഥാർഥ്യങ്ങളിലേക്കും രാഷ്ട്രീയാവബോധത്തിലേക്കും നയിക്കാനും കമ്മ്യൂണിസ്റ്റ്കാരന് ബാധ്യതയുണ്ട്. എന്നാൽ കുറെ കാലമായി പ്രത്യയശാസ്ത്രപരമായ ഈ നിഷ്ക്കർഷയിൽ വേണ്ടത്ര ശ്രദ്ധ പതിയാത്തതായാണ് കാണുന്നത്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഇന്ന് കാണുന്ന പെരുപ്പത്തിന് ഇത് കാരണമായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. നാല്പത്തഞ്ച് വർഷം മുമ്പ് വിദ്യാർഥിയായി ഞാൻ തിരുവനന്തപുരത്തെത്തുമ്പോൾ ആറ്റുകാലും പൊങ്കാലയും ആരും തന്നെ അറിയുമായിരുന്നില്ല. ഇന്ന് തിരുവ്നന്തപുരം നിവാസികളെ മാത്രമല്ല, നാട്ടിലെല്ലാവരെയും പൊറുതി മുട്ടിക്കുന്ന ഒരു മനശ്ശല്യമായി അത് വളർന്നിരിക്കുന്നു.നഗരവാസികൾ വീട്ടിലിരിക്കാനോ പുറത്തിറങ്ങാനോ കഴിയാത്തവിധത്തിൽ വിഷമിക്കുന്നു. പൊങ്കാലയിലൂടെ മനസ്സമാധാനവും ഐശ്വര്യവും ലഭിക്കുന്നു എന്ന് തെറ്റിദ്ധരിച്ച് ഇത്രയേറെ ജനങ്ങളെത്തുന്നുവെന്നത് തന്നെ വലിയൊരു സാമൂഹിക-സാംസ്ക്കാരിക പ്രശ്നമാണ്. അങ്ങനെയിരിക്കെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഈ ആഘോഷങ്ങളെ കാണുന്നതിലോ വിലയിരുത്തുന്നതിലോ റിപ്പോർട്ട് ചെയ്യുന്നതിലോ എല്ലാം തികച്ചും വിമർശനാതമകസമീപനം കൈക്കൊള്ളാൻ നാം ബാധ്യസ്തരാണ്. കൈരളിക്ക് പാർട്ടിയുമായുള്ള ബന്ധം എന്ത് തന്നെയായിരുന്നാലും സാമൂഹികമായ ഈ ഉത്തരവാദിത്തത്തിൽനിന്ന് അതിന് ഒഴിഞ്ഞുനിൽക്കാനാവില്ല. പക്ഷേ വിമർശനത്തിന്റെ സ്ഥാനത്ത് ഭക്തിക്കോമരങ്ങളെയും ലജ്ജിപ്പിക്കുന്ന സ്തുതിഗീതങ്ങളുമായാണ് ഇതിനെയെല്ലാം സമീപിച്ചുകാണുന്നത്. വള്രെ ഗൌരവത്തോടെ ചർച്ച ചെയ്യുകയും കൈകാര്യം ചെയ്യുകയും വേണ്ട ഒരു പ്രശ്നം തന്നെയാണിത്. എന്നാൽ, ഇത് ആറ്റുകാൽ പൊങ്കാലയെ സംബന്ധിച്ച് മാത്രമല്ല, എല്ലാ മതങ്ങളുടെയും ഉത്സവങ്ങളെയും പെരുന്നാളുകളെയും ഉറൂസുകളെയും മറ്റും സംബന്ധിച്ച കാര്യമായി കാണേണ്ടതുണ്ടെന്നതും പ്രധാണമാണ്.
എസ്. രാജശേഖരൻ.

 മറുപടി: 

ഏകദേശം 175 വർഷത്തോളം പഴക്കമുള്ള മാർക്സിസ്റ്റ്‌ ചിന്താഗതികൾ കാലപ്പഴക്കം വരികയും 6000-7000 വർഷത്തോളം (ഏകദേശം) പഴക്കമുള്ള മതവിശ്വാസങ്ങൾ രോഗാണുക്കളെ പോലെ ഇന്നും വ്യാപിച്ചു കൊണ്ടുമിരിക്കുന്നു. മതങ്ങളുടെ strategy പഠിച്ചാൽ നല്ലരീതിയിൽ പുതിയൊരു കമ്മ്യൂണിസം ഉണ്ടാക്കിയെടുക്കാം. മനുഷ്യനു ഉദാത്തമായ വഴി തെളിച്ചു കൊടുക്കാൻ അറിയില്ലയെങ്കിൽ ഇപ്പോഴത്തെ കമ്മ്യൂണിസം പഴഞ്ചൻ ആണ്. തോക്ക് ചൂണ്ടി ഒരു മനുഷ്യനെയും നന്നാക്കാൻ കഴിയില്ല എന്നതിന്റെ ഉത്തരമാണ് കമ്മ്യൂണിസത്തിന്റെ പരാചയം. കമ്മ്യൂണിസത്തിനും മത വിശ്വാസത്തിനും മുകളിൽ വരാൻ പുതിയൊരു ഉൾകാഴ്ച ഇല്ലാതെ പോയതാണ് മനുഷ്യരാശിയുടെ പരാചയം. ആറ്റുകാൽ പൊങ്കാല കടലിലെ കടുകാണ്‌.

Tuesday, January 21, 2014

മാറ്റിമറിക്കുന്ന ചില ചിന്താഗതികൾ


ഹരീന്ദ്രൻ, കറങ്ങാത്ത ഫാനില്‍ കുടുക്കിട്ട് കറങ്ങുന്ന ഭൂമിക്കു ഭാരമാകണ്ടായെന്ന് വീണ്ടുമൊരിക്കൽക്കൂടി തീരുമാനമെടുത്തു. 

അപ്പോൾ നിലാവ്  യശോധരയുടെ മട്ടുപ്പാവിന്റെയും തൊഴുത്തിന്റെയും നേരെ മുകളിൽ വീണുകിടക്കുകയായിരുന്നു. ജനാലയുടെ അഴിയിൽക്കൂടി അതുകാണാം. നരച്ച നിഴൽവീഴ്ത്തി ഏതോ രാപക്ഷി ചിറകടിച്ചു നീങ്ങുന്നതും കാണാം.

ശാരദാമ്മയുടെ സാരി മയിൽപീലി കണ്ണുകൾ പതിപ്പിച്ച നീല സർപ്പത്തെപോലെ വളഞ്ഞു പുളഞ്ഞ്‌ അടുത്തുതന്നെ കിടപ്പുണ്ട്. കഴിഞ്ഞ പ്രാവശ്യം ഇതുപോലെ തീരുമാനമെടുത്തപ്പോൾ കരുതിവച്ചതാണ്. ഇതുവരെ അവർ അത് തിരക്കിനടക്കുന്നതായി കണ്ടില്ല. എങ്കിൽ കള്ളി വെളിച്ച ത്താകുമായിരുന്നു. പീലിക്കണ്ണെന്ന് പളപളപ്പൻ സാരിയെ അവർ ഓമനപേരിട്ടു വിളിക്കുന്നു. രാശിചക്രത്തിൽ രണ്ടാമത് തെളിഞ്ഞ ഭർത്താവ്,  കാമുകിയായിരുന്നപ്പോൾ വാങ്ങിക്കൊടുത്ത പ്രേമത്തിന്റെ അച്ചുകുത്തിയ സമ്മാനം!.  തിരക്കിട്ട് അലമാരി പരതിയപ്പോൾ പീലിക്കണ്ണാണോ, അരുമക്കണ്ണാണോ എന്നൊന്നും നോക്കിയില്ല. കൈയിൽ തടഞ്ഞതെടുത്തു. ആ നിമിഷത്തിലല്ലെങ്കിൽ പിന്നൊരു നിമിഷത്തിൽ തീരുമാനം മാറി മറിഞ്ഞേക്കാം...അങ്ങിനെ കുറേയായി, കുരങ്ങൻ ചില്ലകളിൽ ചാടി കളിക്കുന്നപോലെ  ചാഞ്ചാടിക്കൊണ്ടിരുന്ന മനസാണല്ലോ എല്ലാത്തിനും കാരണം...ഒന്നിലും ഉറച്ചു നില്ക്കാത്ത മനസ്സ്...

ഷണ്‍മുഖം സാറിന്റെ  വീട്ടിൽ രാവിലെ പത്രം വലിച്ചെറിഞ്ഞ് ഡോബർമാൻ കുരച്ചു ഗേറ്റിനടുത്തു വരുമ്പോൾ തോന്നും പഠിച്ചുവലിയ  പ്രൊഫസറാകണമെന്ന്. ഗോവിന്ദൻ ചെട്ടിയാരുടെ വീട്ടിൽ ഒരുചുമട് തുണികളുമായി ദിവസപ്പിരിവാണെന്ന് പറഞ്ഞു ചെന്നപ്പോൾ--, മഠയത്തരം..! മക്കൾ രണ്ടുപേർ പെന്ൻസിൽവേനിയായിൽ, ഒരാൾ ഓസ്ട്രേലിയ, ഒരാൾ, ഒരേയൊരു മകൾ സകുടുംബം സിംഗപ്പൂരിൽ... അവരെ ചുറ്റിപ്പറ്റിയാണ് ഇവിടെ പലരും ജീവിച്ചു പോരുന്നത്. നെടുകയും കുറുകെയും വരകളുള്ള, നിറം മങ്ങിയ പൊളിസ്റ്റർ തുണികളുമായി തവണപ്പിരിവിനു പോകാൻ പറ്റിയ സ്ഥലം..!

പെന്ൻസിൽവേനിയാക്കാരന്റെ മകൾ ഒഴിവിനു നാട്ടിൽ വന്നതായിരിക്കും; ഒന്നരമുഴം ലിനൻ തുണികൊണ്ട് ശരീരമാസകലം മറച്ച് റാമ്പിൽ നിൽക്കുന്ന ശൈലിയിൽ ചാമ്പ മരം ഉതുക്കി തിത്തക കളിച്ച മാറിടം കണ്ടപ്പോൾ തോന്നിയതാണ്,- നാടുവിട്ടുപോണം!. യൂറോപ്പ് കീഴടക്കി തുകൽ ജാക്കേറ്റിൽ കൈയും തിരുകി മേർസിടെസിന്റെ ഒരു നീണ്ട നിരയിൽ ലാങ്ങ്ചുറി*   മാത്രമണിഞ്ഞ ഒരുപറ്റം ഭാര്യമാരും അകമ്പടിക്കാരുമായി യശോധരയുടെ ടെറസ്സ് പിഴുതു ദൂരെയെറിഞ്ഞ് കൂറ്റൻ ബംഗ്ലാവു പണിത് വന്നു കയറണമെന്ന്.

റെക്രിയേഷൻ ക്ലബ്ബിൽ മന്ത്രിമാരുടെയും പണച്ചാക്കുകളുടെയും ആഡംബര കാറുകൾക്ക് ഗേറ്റ് അടച്ചു തുറക്കൽപ്പണി ചെയ്തു കൊണ്ടിരുന്നപ്പോൾ തോന്നിയതും മറിചൊന്നുമല്ല. ചെറിയ രീതിയിലെങ്കിലുമൊരു 'പ്രധാന മന്ത്രി'.

നേശൻ രണ്ടാം ഭാര്യയുടെ മകൾ സവിധയെ ഹൊസ്റ്റലിൽ ചെന്ന് അമ്മയ്ക്കു സുഖമില്ലായെന്ന കഥയുണ്ടാക്കി കല്ലെക്കാട്ട് എസ്റ്റെറ്റിൽ പതിമൂന്നു പേരുടെ പേക്കൂത്തിന് വിധേയയായ കഥ പുറത്തുവന്നപ്പോൾ വെത്യസ്ഥമായ ആഗ്രഹമാണുണ്ടായത്. ആദ്യമായി ഒരു അധോലോക നായകനാകണമെന്നു  തോന്നി. നേശനെ ചുട്ട കോഴിയെ പറപ്പിക്കുന്നപോലെ എ. കെ 47 വച്ച് പറപ്പിക്കാൻ. ജയിലഴികൾ  വെളുത്തകടലാസിൽ കോറിയിടാൻ തുടങ്ങിയതും ചിത്രകാരനാകൻ കരിക്കട്ടകൾ തപ്പിതുടങ്ങിയതും അന്നുമുതലാണ്.

എന്തിനേറെ മൈനക്കണ്ണുകൾ നീട്ടിയെഴുതി റോസ് പൌടറിട്ടു മുഖം മിനുക്കി ഭരതനാട്യം കളിക്കുന്ന കൊച്ചു സുന്ദരികളെ കാണുമ്പോൾ പെണ്ണാകാനോ പെണ്‍വേഷം കെട്ടാനോ നാണത്തോടെ കൊതിയൂറും. മനസുതളിർക്കുന്ന പാട്ടുകേൾക്കുമ്പോൾ അപ്പോൾത്തന്നെ ഗായകനാകണം, സിനിമ കണ്ടാൽ ഹോളിവുഡിൽ പോകണം. പണിക്കുപോകാതെ വീട്ടിൽ ചൊറിയും കുത്തി ശാരദാമ്മയുടെ വള്ളുവനാടൻ തെറികേട്ടു മടുത്ത് രാമൻ മേസ്ത്രിയെപ്പോയി കണ്ടപ്പോൾത്തോന്നി രാജ്യം അറിയപ്പെടുന്ന ഒരു മേസ്ത്രിയാകണമെന്ന്.

രാമൻ മേസ്ത്രി കൈയാളെ അത്രപെട്ടെന്ന് മേസ്ത്രിയാക്കില്ലന്ന്  അനുഭവസ്ഥർ പറഞ്ഞു. എന്നാലും ശാരദാമ്മയ്ക്ക് പോകണമെന്ന നിർബന്ധം. ഒരുതരം ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം അന്നുമുതൽ തുടങ്ങി. പണി കഴിഞ്ഞാലും കൂടെ നടക്കണം.., 'റാൻ'- മൂളേണ്ട. പകരം എന്തുപറഞ്ഞാലും വിനയത്തോടെ മേസ്ത്രീ.., മേസ്ത്രീ..., എന്ന് പറഞ്ഞുകൊണ്ടിരിക്കുക. കോമളത്തിന്റെ വീട്ടിലോ, ശോഭനയുടെ വീട്ടിലോ ആരും വരില്ലാന്നുറപ്പുള്ള പേരുകേട്ട മധവിയക്കന്റെ വീട്ടിലാണെങ്കിൽ പ്പോലും വല്ല കൈയാലയുടെയോ മതിലിന്റെയൊ ഇരുൾ വീഴ്ത്തുന്ന പടർപ്പുകൾക്കടിയിൽ ഒളിഞ്ഞിരുന്ന് അപകടസാധ്യതയുള്ള നിഴലുകൾ എങ്ങാനും പ്രത്യക്ഷപ്പെട്ടാൽ പൊങ്ങൻ തവള കരയുന്നതുപോലെ മേസ്ത്രീ.., മേസ്ത്രീ... എന്ന് കരയണം..! ഉറുമ്പും, പഴുതാരകളും എത്രയോ കാല്പത്തിയിലൂടെ കയറി ഇറങ്ങി പോയി.  വള്ളുവനാടൻ തെറി ഇതിനെക്കാൾ ഭേദമാണെന്ന് അപ്പോൾ ചിന്തിക്കേണ്ടി വരും. രാമൻ മേസ്ത്രി ഒരിടത്ത് പോകുമ്പോൾ മാത്രം ഇരുട്ടിൽ മേസ്ത്രീ.., മേസ്ത്രീ.. എന്ന് തവളക്കരച്ചിൽ കരയാൻ കൊണ്ടുപോകറില്ലായെന്നു അശരീരിയുണ്ടായി. അത് മേസ്ത്രിയാകണമെന്ന് തന്നോട് നിർബന്ധം പിടിച്ച ശാരദാമ്മയുടെ  അരമനയാണെന്നത് ശിവരാമാന്റെ അശരീരിയായിരുന്നു. ശിവരാമൻ മുന്നേയുള്ള അദേഹത്തിന്റെ പൊങ്ങൻ തവളയാണ്. മീശപിരിച്ച് നാലും അഞ്ചും മാസം കൂടുമ്പോൾ ശങ്കരനദ്ദേഹം വരും. ശാരദാമ്മ നാണം മാറാത്ത പോക്കുവെയിൽപോലെ ആദ്യ ഭർത്താവിലുണ്ടായ കാർക്കോടകനെ നേരത്തെയുറക്കി മണിയറ പിടിക്കും. മേസ്ത്രി ചുളുക്കിയിട്ട മെത്തയിൽ ശങ്കരനദ്ദേഹം മീശപിരിച്ച് നീണ്ടു നിവർന്നു കിടക്കുകയാണ്. ശിവാനന്ദ സ്വാമികൾ ശവാസനത്തിൽ കിടക്കുന്നപോലെ.

അമ്മ ഇറങ്ങിപ്പോയില്ലായിരുന്നെങ്കിൽ ശങ്കരനദ്ദേഹത്തിന്റെ കാലചക്രം വീണ്ടും മുഷിപ്പിക്കുമ്പോൾ മൂന്ന്, നാല്...ആറ്...ചക്രം കറക്കിക്കൊണ്ടേയിരിക്കും. മാർക്സിസം വായിച്ചിരുന്നപ്പോൾ ചരിത്രവും പുരാണവും  പഠിക്കാതെ പോയതു കൊണ്ട് അമ്മയ്ക്ക് ഭാര്യമാരുടെ സമ്മേളനം അപരിചിതമായി തോന്നിയിട്ടുണ്ടാകും. ശാരദയുടെ  ഇളക്കത്തിൽ ഭർത്താവ്‌ ആടിയുലഞ്ഞപ്പോൾ അവർ ആരോടും പറയാതെ എങ്ങോട്ടോ കാല് പൊടിമണ്ണിലുറപ്പിച്ച്  ഇറങ്ങി. ഹരീന്ദ്രനെ പേറ്റുനോവ്‌  തികട്ടുന്നതുപൊലെ അന്നുരാത്രി ഇരുളിൽ രണ്ടു കൈകൾ വരിഞ്ഞുമുറുക്കി. ഇളംചൂടുള്ള കണ്ണുനീർ തിക്കിത്തിരക്കി മുഖത്ത് പടർന്നു. ശങ്കരനദ്ദേഹം ഇറയത്ത്‌ ചേതക്കിന്റെ സാരി ഗാർഡ് മാറ്റി സ്റ്റാർടിങ്ങ് ലിവറിലെ തുരുമ്പ് ചുരണ്ടി കൊണ്ടിരിക്കുകായിരുന്നു പിറ്റേന്ന്. എവിടെയെല്ലമാണ് തിരക്കിനടന്നത്. ആ നടത്തത്തിൽ പോളിയോ വശീകരിച്ച കാലുകൾക്ക് ചുവടുറപ്പും എങ്ങും ഒട്ടിപിടിക്കാത്ത ചിന്താഗതികളും തമ്മിൽ കൈകോർത്തു. സ്വന്തം മകനെ ജാരന്റെ സന്തതിയാക്കി ശങ്കരനദ്ദേഹം അമാനുഷനാക്കി.

 നിലാവ് യശോധരയുടെ  മട്ടുപ്പാവിന്റെയും തൊഴുത്തിന്റെയും നിഴൽ ഇങ്ങേത്തലക്കലേക്ക് ചരിച്ചുതുടങ്ങി. യശോധരയ്ക്ക് മുൻപ് ഉത്തമപുരുഷനായ ശങ്കരനദ്ദേഹത്തിന്റെ മേത്ത് ഒരു കണ്ണുണ്ടാ യിരുന്നുവെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങിനെയാണ്‌ സംശയ രോഗിയായ നളിനൻ നെടുനീളൻ മതിൽ ഉയർത്തിക്കെട്ടി മുകളിൽ കുപ്പിച്ചില്ല് പാകി പ്രവാസത്തിലേക്ക് കഴിഞ്ഞ പ്രാവശ്യം വീണ്ടും അഴിഞ്ഞുപോയത്.

നിലാവ് പുലർച്ചയിലേക്ക് ഗോൾഫ് പന്തുപോലെയാണ്. അടുത്ത കിടങ്ങിലേക്ക് ഉരുളുന്നു... ഒരുപാട് ആലോചിച്ചുകൂട്ടി. ലക്ഷ്യം വീണ്ടും മാറി മറിഞ്ഞിരിക്കുന്നു. ഇപ്പോൾ തോന്നുന്നു അമ്മ ഇറങ്ങിപ്പോയതുപോലെ എങ്ങോട്ടെങ്കിലും....

* lingerie

Thursday, December 12, 2013

ചരിച്ചുവാർത്ത മുറി

പകൽ:

നാലാം നിലയിലെ ടെറസ്സ് ചരിച്ചു വാർത്ത മുറി 12254 അംഗ എസ്. എഫ് എക്സ്പ്രസ്സ്‌ കുഴലൂതുമ്പോൾ താനേ തുറക്കുന്നു. മൂന്ന് ചെടിച്ചട്ടികളിൽ ജലാധാര. നിത്യയും, സന്ധ്യയും, നടുവിൽ ശ്രവണനും തഴച്ചുവളരുന്നു. നിത്യ രണ്ടുമഞ്ഞ പുഷ്പങ്ങളുമായി കിഴക്കൊട്ടുറ്റുനോക്കുന്നു. പകൃതിയുടെ സൂക്ഷ്മ കമ്പനങ്ങൾ നനുത്ത ദലങ്ങളിൽ ഒപ്പിയെടുക്കുകയാണ്,  റെഡാറുപോലെ...
ശ്രവണൻ പുരുഷനാണ്പുഷ്പിക്കില്ല. സൂചി മൂർച്ചയുള്ള ഇലകളുമായി അപ്പുറത്തെയും ഇപ്പുറത്തെയും സ്ത്രീരത്നങ്ങളെ വിനീതനായി പീഡിപ്പിച്ച് തഴച്ചു വളരുന്നു.

സന്ധ്യ,- നാമ്പുകൾ മുറിപ്പെട്ട് പുഷ്പ്പിക്കാത്ത മൊട്ടുമായി സ്വയം ചികിത്സയിലാണ്. വാതിൽ നിശബ്ദമായി അടയുന്നു...

വയ്കുന്നേരം:

56261 ആരക്കോണം പാസഞ്ചർ കുഴലൂതുമ്പോൾ ചരിച്ചുവാർത്ത മുറി,...
പടിഞ്ഞാറ് നീലനിറത്തെ ഭോഗിച്ച സിന്ദൂര നാളങ്ങൾ വിടർന്ന്, ലോപിച്ച്, പതിയെ അണയുകയാണ്. വീണ്ടും ജലധാര! നിത്യയ്ക്കും, സന്ധ്യക്കും നടുവിൽ ശ്രവണനും പിന്നെ അഭിമുഖമായി നില്ക്കുന്ന അയാൾക്കും. ശുഭരാത്രി ചൊല്ലി വാതിൽ നിശബ്ദമായി അടയുന്നു... അയാൾ കിടക്കപ്പായിലും   അവർ സ്വന്തം കാലുകളിൽ താങ്ങിയും ആത്മ സാക്ഷാത്ക്കാരത്തിലേക്ക്...

വീണ്ടും പകൽ.
     

Tuesday, September 11, 2012

വേറൊന്ന്



ആ നഗരത്തില്‍ അങ്ങിനെയൊന്ന് ആദ്യമായിരുന്നു.
അതുമറവിലിരുന്ന് സ്വയം ശപിച്ചു.
പിന്നെ ശ്രാവണ പൗർണമി ദിനത്തിൽ ധ്രുവ നക്ഷത്രത്തെ
ലക്ഷ്യമാക്കി നടന്നു തുടങ്ങി...

Monday, June 25, 2012

വാസന ('ലക്‌ഷ്യം' എന്ന പേരും യോജിക്കും)


സാഹിത്യ വാസന കൂടാന്‍ ആറുമാസം അയാള്‍ കതകടച്ചിരുന്നു വായിച്ചു കൂട്ടി.
മുറിയിലും ദേഹമാസകലവും വാസന വര്‍ധിച്ച ആ മഹാ മനുഷ്യന്‍ നഗരത്തിലെ തിരകിട്ടു പായുന്ന ചപ്പു വണ്ടിയില്‍ കയറി ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു.

Saturday, September 3, 2011

മരണം

പാല്ക്കാരന്‍ വന്നപാടെ ഒരു സംസ്സാരമുണ്ടായി. 
അവിനാശുവിന്റെ പുളിമരത്തില്‍ അയാള്‍ കെട്ടിത്തൂങ്ങിച്ചത്തിരിക്കുന്നു.
വാസന്തിയും കുളത്തിക്കാരിയും (യഥാര്‍ത്ഥ പേര് വത്സമ്മ) അയാള്‍ക്ക്‌ 
പ്രേമാനൈരാശ്യമുണ്ടായിരുന്നു എന്നുപറഞ്ഞു. 
സഖാവും, ഗ്രന്ഥശാലാസെക്രട്ടറി ജോണ്‍ സെബാസ്റ്റ്യനും വംശനാശമെന്നുറപ്പിച്ചു. രാമനും കൊച്ചു മണിയും ഉന്മാദത്തിനു ചികിത്സ ഫലിക്കില്ലാന്നുവാശിപിടിച്ചു. കൊച്ചാപ്പിക്കു സംശയമേയില്ല, കുടി കുലംമുടിക്കും!
സിദ്ധാര്‍ഥന്‍ വരമ്പിലെ പുല്മെത്തയില്‍ നിവര്‍ന്നു കിടന്ന്  ചന്ദ്രന്റെ പലായനം ശ്രദ്ധയോടെ വീക്ഷിച്ചു കൊണ്ട് നിലാവെളിച്ചത്തില്‍ പറഞ്ഞു:
"നല്ലൊരു ശുഭ മുഹൂര്‍ത്തത്തില്‍ ഞാനും മരിക്കും!"