Tuesday, January 21, 2014

മാറ്റിമറിക്കുന്ന ചില ചിന്താഗതികൾ


ഹരീന്ദ്രൻ, കറങ്ങാത്ത ഫാനില്‍ കുടുക്കിട്ട് കറങ്ങുന്ന ഭൂമിക്കു ഭാരമാകണ്ടായെന്ന് വീണ്ടുമൊരിക്കൽക്കൂടി തീരുമാനമെടുത്തു. 

അപ്പോൾ നിലാവ്  യശോധരയുടെ മട്ടുപ്പാവിന്റെയും തൊഴുത്തിന്റെയും നേരെ മുകളിൽ വീണുകിടക്കുകയായിരുന്നു. ജനാലയുടെ അഴിയിൽക്കൂടി അതുകാണാം. നരച്ച നിഴൽവീഴ്ത്തി ഏതോ രാപക്ഷി ചിറകടിച്ചു നീങ്ങുന്നതും കാണാം.

ശാരദാമ്മയുടെ സാരി മയിൽപീലി കണ്ണുകൾ പതിപ്പിച്ച നീല സർപ്പത്തെപോലെ വളഞ്ഞു പുളഞ്ഞ്‌ അടുത്തുതന്നെ കിടപ്പുണ്ട്. കഴിഞ്ഞ പ്രാവശ്യം ഇതുപോലെ തീരുമാനമെടുത്തപ്പോൾ കരുതിവച്ചതാണ്. ഇതുവരെ അവർ അത് തിരക്കിനടക്കുന്നതായി കണ്ടില്ല. എങ്കിൽ കള്ളി വെളിച്ച ത്താകുമായിരുന്നു. പീലിക്കണ്ണെന്ന് പളപളപ്പൻ സാരിയെ അവർ ഓമനപേരിട്ടു വിളിക്കുന്നു. രാശിചക്രത്തിൽ രണ്ടാമത് തെളിഞ്ഞ ഭർത്താവ്,  കാമുകിയായിരുന്നപ്പോൾ വാങ്ങിക്കൊടുത്ത പ്രേമത്തിന്റെ അച്ചുകുത്തിയ സമ്മാനം!.  തിരക്കിട്ട് അലമാരി പരതിയപ്പോൾ പീലിക്കണ്ണാണോ, അരുമക്കണ്ണാണോ എന്നൊന്നും നോക്കിയില്ല. കൈയിൽ തടഞ്ഞതെടുത്തു. ആ നിമിഷത്തിലല്ലെങ്കിൽ പിന്നൊരു നിമിഷത്തിൽ തീരുമാനം മാറി മറിഞ്ഞേക്കാം...അങ്ങിനെ കുറേയായി, കുരങ്ങൻ ചില്ലകളിൽ ചാടി കളിക്കുന്നപോലെ  ചാഞ്ചാടിക്കൊണ്ടിരുന്ന മനസാണല്ലോ എല്ലാത്തിനും കാരണം...ഒന്നിലും ഉറച്ചു നില്ക്കാത്ത മനസ്സ്...

ഷണ്‍മുഖം സാറിന്റെ  വീട്ടിൽ രാവിലെ പത്രം വലിച്ചെറിഞ്ഞ് ഡോബർമാൻ കുരച്ചു ഗേറ്റിനടുത്തു വരുമ്പോൾ തോന്നും പഠിച്ചുവലിയ  പ്രൊഫസറാകണമെന്ന്. ഗോവിന്ദൻ ചെട്ടിയാരുടെ വീട്ടിൽ ഒരുചുമട് തുണികളുമായി ദിവസപ്പിരിവാണെന്ന് പറഞ്ഞു ചെന്നപ്പോൾ--, മഠയത്തരം..! മക്കൾ രണ്ടുപേർ പെന്ൻസിൽവേനിയായിൽ, ഒരാൾ ഓസ്ട്രേലിയ, ഒരാൾ, ഒരേയൊരു മകൾ സകുടുംബം സിംഗപ്പൂരിൽ... അവരെ ചുറ്റിപ്പറ്റിയാണ് ഇവിടെ പലരും ജീവിച്ചു പോരുന്നത്. നെടുകയും കുറുകെയും വരകളുള്ള, നിറം മങ്ങിയ പൊളിസ്റ്റർ തുണികളുമായി തവണപ്പിരിവിനു പോകാൻ പറ്റിയ സ്ഥലം..!

പെന്ൻസിൽവേനിയാക്കാരന്റെ മകൾ ഒഴിവിനു നാട്ടിൽ വന്നതായിരിക്കും; ഒന്നരമുഴം ലിനൻ തുണികൊണ്ട് ശരീരമാസകലം മറച്ച് റാമ്പിൽ നിൽക്കുന്ന ശൈലിയിൽ ചാമ്പ മരം ഉതുക്കി തിത്തക കളിച്ച മാറിടം കണ്ടപ്പോൾ തോന്നിയതാണ്,- നാടുവിട്ടുപോണം!. യൂറോപ്പ് കീഴടക്കി തുകൽ ജാക്കേറ്റിൽ കൈയും തിരുകി മേർസിടെസിന്റെ ഒരു നീണ്ട നിരയിൽ ലാങ്ങ്ചുറി*   മാത്രമണിഞ്ഞ ഒരുപറ്റം ഭാര്യമാരും അകമ്പടിക്കാരുമായി യശോധരയുടെ ടെറസ്സ് പിഴുതു ദൂരെയെറിഞ്ഞ് കൂറ്റൻ ബംഗ്ലാവു പണിത് വന്നു കയറണമെന്ന്.

റെക്രിയേഷൻ ക്ലബ്ബിൽ മന്ത്രിമാരുടെയും പണച്ചാക്കുകളുടെയും ആഡംബര കാറുകൾക്ക് ഗേറ്റ് അടച്ചു തുറക്കൽപ്പണി ചെയ്തു കൊണ്ടിരുന്നപ്പോൾ തോന്നിയതും മറിചൊന്നുമല്ല. ചെറിയ രീതിയിലെങ്കിലുമൊരു 'പ്രധാന മന്ത്രി'.

നേശൻ രണ്ടാം ഭാര്യയുടെ മകൾ സവിധയെ ഹൊസ്റ്റലിൽ ചെന്ന് അമ്മയ്ക്കു സുഖമില്ലായെന്ന കഥയുണ്ടാക്കി കല്ലെക്കാട്ട് എസ്റ്റെറ്റിൽ പതിമൂന്നു പേരുടെ പേക്കൂത്തിന് വിധേയയായ കഥ പുറത്തുവന്നപ്പോൾ വെത്യസ്ഥമായ ആഗ്രഹമാണുണ്ടായത്. ആദ്യമായി ഒരു അധോലോക നായകനാകണമെന്നു  തോന്നി. നേശനെ ചുട്ട കോഴിയെ പറപ്പിക്കുന്നപോലെ എ. കെ 47 വച്ച് പറപ്പിക്കാൻ. ജയിലഴികൾ  വെളുത്തകടലാസിൽ കോറിയിടാൻ തുടങ്ങിയതും ചിത്രകാരനാകൻ കരിക്കട്ടകൾ തപ്പിതുടങ്ങിയതും അന്നുമുതലാണ്.

എന്തിനേറെ മൈനക്കണ്ണുകൾ നീട്ടിയെഴുതി റോസ് പൌടറിട്ടു മുഖം മിനുക്കി ഭരതനാട്യം കളിക്കുന്ന കൊച്ചു സുന്ദരികളെ കാണുമ്പോൾ പെണ്ണാകാനോ പെണ്‍വേഷം കെട്ടാനോ നാണത്തോടെ കൊതിയൂറും. മനസുതളിർക്കുന്ന പാട്ടുകേൾക്കുമ്പോൾ അപ്പോൾത്തന്നെ ഗായകനാകണം, സിനിമ കണ്ടാൽ ഹോളിവുഡിൽ പോകണം. പണിക്കുപോകാതെ വീട്ടിൽ ചൊറിയും കുത്തി ശാരദാമ്മയുടെ വള്ളുവനാടൻ തെറികേട്ടു മടുത്ത് രാമൻ മേസ്ത്രിയെപ്പോയി കണ്ടപ്പോൾത്തോന്നി രാജ്യം അറിയപ്പെടുന്ന ഒരു മേസ്ത്രിയാകണമെന്ന്.

രാമൻ മേസ്ത്രി കൈയാളെ അത്രപെട്ടെന്ന് മേസ്ത്രിയാക്കില്ലന്ന്  അനുഭവസ്ഥർ പറഞ്ഞു. എന്നാലും ശാരദാമ്മയ്ക്ക് പോകണമെന്ന നിർബന്ധം. ഒരുതരം ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം അന്നുമുതൽ തുടങ്ങി. പണി കഴിഞ്ഞാലും കൂടെ നടക്കണം.., 'റാൻ'- മൂളേണ്ട. പകരം എന്തുപറഞ്ഞാലും വിനയത്തോടെ മേസ്ത്രീ.., മേസ്ത്രീ..., എന്ന് പറഞ്ഞുകൊണ്ടിരിക്കുക. കോമളത്തിന്റെ വീട്ടിലോ, ശോഭനയുടെ വീട്ടിലോ ആരും വരില്ലാന്നുറപ്പുള്ള പേരുകേട്ട മധവിയക്കന്റെ വീട്ടിലാണെങ്കിൽ പ്പോലും വല്ല കൈയാലയുടെയോ മതിലിന്റെയൊ ഇരുൾ വീഴ്ത്തുന്ന പടർപ്പുകൾക്കടിയിൽ ഒളിഞ്ഞിരുന്ന് അപകടസാധ്യതയുള്ള നിഴലുകൾ എങ്ങാനും പ്രത്യക്ഷപ്പെട്ടാൽ പൊങ്ങൻ തവള കരയുന്നതുപോലെ മേസ്ത്രീ.., മേസ്ത്രീ... എന്ന് കരയണം..! ഉറുമ്പും, പഴുതാരകളും എത്രയോ കാല്പത്തിയിലൂടെ കയറി ഇറങ്ങി പോയി.  വള്ളുവനാടൻ തെറി ഇതിനെക്കാൾ ഭേദമാണെന്ന് അപ്പോൾ ചിന്തിക്കേണ്ടി വരും. രാമൻ മേസ്ത്രി ഒരിടത്ത് പോകുമ്പോൾ മാത്രം ഇരുട്ടിൽ മേസ്ത്രീ.., മേസ്ത്രീ.. എന്ന് തവളക്കരച്ചിൽ കരയാൻ കൊണ്ടുപോകറില്ലായെന്നു അശരീരിയുണ്ടായി. അത് മേസ്ത്രിയാകണമെന്ന് തന്നോട് നിർബന്ധം പിടിച്ച ശാരദാമ്മയുടെ  അരമനയാണെന്നത് ശിവരാമാന്റെ അശരീരിയായിരുന്നു. ശിവരാമൻ മുന്നേയുള്ള അദേഹത്തിന്റെ പൊങ്ങൻ തവളയാണ്. മീശപിരിച്ച് നാലും അഞ്ചും മാസം കൂടുമ്പോൾ ശങ്കരനദ്ദേഹം വരും. ശാരദാമ്മ നാണം മാറാത്ത പോക്കുവെയിൽപോലെ ആദ്യ ഭർത്താവിലുണ്ടായ കാർക്കോടകനെ നേരത്തെയുറക്കി മണിയറ പിടിക്കും. മേസ്ത്രി ചുളുക്കിയിട്ട മെത്തയിൽ ശങ്കരനദ്ദേഹം മീശപിരിച്ച് നീണ്ടു നിവർന്നു കിടക്കുകയാണ്. ശിവാനന്ദ സ്വാമികൾ ശവാസനത്തിൽ കിടക്കുന്നപോലെ.

അമ്മ ഇറങ്ങിപ്പോയില്ലായിരുന്നെങ്കിൽ ശങ്കരനദ്ദേഹത്തിന്റെ കാലചക്രം വീണ്ടും മുഷിപ്പിക്കുമ്പോൾ മൂന്ന്, നാല്...ആറ്...ചക്രം കറക്കിക്കൊണ്ടേയിരിക്കും. മാർക്സിസം വായിച്ചിരുന്നപ്പോൾ ചരിത്രവും പുരാണവും  പഠിക്കാതെ പോയതു കൊണ്ട് അമ്മയ്ക്ക് ഭാര്യമാരുടെ സമ്മേളനം അപരിചിതമായി തോന്നിയിട്ടുണ്ടാകും. ശാരദയുടെ  ഇളക്കത്തിൽ ഭർത്താവ്‌ ആടിയുലഞ്ഞപ്പോൾ അവർ ആരോടും പറയാതെ എങ്ങോട്ടോ കാല് പൊടിമണ്ണിലുറപ്പിച്ച്  ഇറങ്ങി. ഹരീന്ദ്രനെ പേറ്റുനോവ്‌  തികട്ടുന്നതുപൊലെ അന്നുരാത്രി ഇരുളിൽ രണ്ടു കൈകൾ വരിഞ്ഞുമുറുക്കി. ഇളംചൂടുള്ള കണ്ണുനീർ തിക്കിത്തിരക്കി മുഖത്ത് പടർന്നു. ശങ്കരനദ്ദേഹം ഇറയത്ത്‌ ചേതക്കിന്റെ സാരി ഗാർഡ് മാറ്റി സ്റ്റാർടിങ്ങ് ലിവറിലെ തുരുമ്പ് ചുരണ്ടി കൊണ്ടിരിക്കുകായിരുന്നു പിറ്റേന്ന്. എവിടെയെല്ലമാണ് തിരക്കിനടന്നത്. ആ നടത്തത്തിൽ പോളിയോ വശീകരിച്ച കാലുകൾക്ക് ചുവടുറപ്പും എങ്ങും ഒട്ടിപിടിക്കാത്ത ചിന്താഗതികളും തമ്മിൽ കൈകോർത്തു. സ്വന്തം മകനെ ജാരന്റെ സന്തതിയാക്കി ശങ്കരനദ്ദേഹം അമാനുഷനാക്കി.

 നിലാവ് യശോധരയുടെ  മട്ടുപ്പാവിന്റെയും തൊഴുത്തിന്റെയും നിഴൽ ഇങ്ങേത്തലക്കലേക്ക് ചരിച്ചുതുടങ്ങി. യശോധരയ്ക്ക് മുൻപ് ഉത്തമപുരുഷനായ ശങ്കരനദ്ദേഹത്തിന്റെ മേത്ത് ഒരു കണ്ണുണ്ടാ യിരുന്നുവെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങിനെയാണ്‌ സംശയ രോഗിയായ നളിനൻ നെടുനീളൻ മതിൽ ഉയർത്തിക്കെട്ടി മുകളിൽ കുപ്പിച്ചില്ല് പാകി പ്രവാസത്തിലേക്ക് കഴിഞ്ഞ പ്രാവശ്യം വീണ്ടും അഴിഞ്ഞുപോയത്.

നിലാവ് പുലർച്ചയിലേക്ക് ഗോൾഫ് പന്തുപോലെയാണ്. അടുത്ത കിടങ്ങിലേക്ക് ഉരുളുന്നു... ഒരുപാട് ആലോചിച്ചുകൂട്ടി. ലക്ഷ്യം വീണ്ടും മാറി മറിഞ്ഞിരിക്കുന്നു. ഇപ്പോൾ തോന്നുന്നു അമ്മ ഇറങ്ങിപ്പോയതുപോലെ എങ്ങോട്ടെങ്കിലും....

* lingerie

No comments: