Saturday, March 19, 2016

ഉപ്പ്

ആത്മോപദേശ ശതകം തുറന്ന ഉടൻ തിരികെയടച്ചുവെച്ച് വയറു തടവി. 'പാപ്പുട്ടൻ' പണ്ട് തേരുവിളക്ക് നടക്കുംബോൾ  ഉത്സവത്തറയിൽ ഊതിവീർപ്പിക്കുന്ന ബലൂൺ പോലെ  വയറു വീർത്തു വരികയാണ്. നാരങ്ങാനീരിൽ അല്പ്പം ഉപ്പും പഞ്ചസാരയും ചാലിച്ച്  കുറച്ചു സോഡയും ചേർത്ത് സേവിച്ചാൽ സാധാരണ മാറേണ്ടാതാണ്. അടുക്കളയെന്നു പറയപ്പെടുന്ന അരയോളം ഉയർന്ന സിമെന്റ്  പ്രതലത്തിൽ ഇന്നലെ മദ്യത്തിൽ ഇറ്റിച്ച സോഡാ ബാക്കി ഇരിപ്പുണ്ട്. വടക്കോട്ട്‌ ചരിച്ചുവച്ച, തളിക മാതൃകയുള്ള ദൂരസ്പർശിനി പോലെ ഒരു കഷ്ണം നാരങ്ങായുമുണ്ട്. കട്ടുറുമ്പ് മരാമത്ത് പണികൾ നടത്തുന്ന വലിയ വാവട്ടമുള്ള തുറന്ന കുപ്പിയിൽ വടിച്ചെടുത്താൽ  കിട്ടാവുന്ന പഞ്ചസാരയും കാത്തിരിക്കുന്നു. പക്ഷെ, ഉപ്പെവിടെ? വാവട്ടം ദ്രവിച്ചടർന്ന ഉപ്പ് പാത്രം കാണുന്നില്ല. പൈപ്പിലും വെള്ളത്തിന്റെ കനിവില്ല. തെരുവിലേക്കിറങ്ങി സംഘടിപ്പിക്കാതെ തരമില്ല.

തെരുവ്, മരിപ്പുകഴിഞ്ഞ രണ്ടാം നാൾ പോലെ വിജനമാണ്. ഇരുചക്രവാഹനങ്ങളോ, കാൽനടക്കാരോ, കരുവാളിച്ചു ക്ഷീണിച്ച തെരുവ് കുട്ടികളോ, വിലപേശുന്ന കലപിലകളോ കേൾക്കാനില്ല. വിശന്നു വട്ടംപിടിച്ച് ഉറങ്ങുന്ന, പത്രം വായിക്കാത്ത തെരുവുനായ്ക്കൾ അടഞ്ഞുകിടക്കുന്ന ഷട്ടറുകൾക്കുകീഴിൽ ശുഭ പ്രതീക്ഷയോടെ കണ്ണടച്ച് കിടക്കുന്നു. മരങ്ങളില്ലാത്ത തെരുവിൽ ഒരു ഇലയനക്കാമോ വീശയടിക്കാൻ കാറ്റോ ഇല്ല. അടച്ചുകെട്ടിയ സിമെന്റ് കോട്ടകളിൽ ഞ്ഞെരുങ്ങി തെരുവിനപ്പുറം കാഴ്ചകൾ ഇല്ല.

ഉപ്പിട്ട നാരങ്ങാനീര് സേവിക്കാൻ അത്രയൊന്നും കഷ്ടപ്പെടെണ്ടിയിരുന്നില്ല, ഇന്നലെവരെയുള്ള ഭൂതകാലം ഓർത്താൽ മതിയായിരുന്നു. ജലസർപ്പങ്ങൾ കണ്ണിൽനിന്ന്  ഊർന്നിറങ്ങുമ്പോൾ ഒരു അഭ്യാസിയെപ്പോലെ ചില്ലുഗ്ലാസിൽ പിടിച്ചെടുക്കാനുള്ള മെയ് വഴക്കം മാത്രം മതിയാകും. നാരങ്ങാനീര് കൃത്യം ഗ്ലാസിന്റെ വാവട്ടത്തു വീഴ്തിക്കാൻ മാത്രമാണ് കുറച്ച് ലക്ഷ്യ ബോധം വേണ്ടത്.

വെളുത്ത ചകിരിനാരുപോലെ നീണ്ടുകിടക്കുന്ന മീശ രോമങ്ങൾ ഒതുക്കി, രണ്ടുകവിൾനീര് വരണ്ട തൊണ്ടയിലൂടെ തെന്നിച്ചപ്പോൾ, പാപ്പുട്ടന്റെ വീർത്ത ബലൂൺ പതുക്കെ ശുഷ്ക്കിച്ചു വരികയാണ്. ഇനി ആത്മോപദേശ ശതകം തുറന്ന് ഉള്ളിലേക്ക് കടക്കാം. ഭൂതകാലത്തെ ജ്ഞാനം കൊണ്ട്  ശമിപ്പിച്ച് ബോധത്തെ പ്രാകാശ പൂരിതമാക്കാൻ കഴിഞ്ഞേക്കും.  

കുറിപ്പ്‌: ഈ ഒറ്റമൂലി നിർമ്മാണം വ്യക്തിപരവും ഭൂതകാലാധിഷ്ടിതവുമാണ്. എപ്പോഴും ഫലപ്രദമാകണമെന്നില്ല. മുൻവിധിയില്ലാത്ത, കരുതൽ അറിയാത്ത ന്യൂനപക്ഷങ്ങൾ ശ്രമിക്കുന്നതിൽ തെറ്റില്ല. തെരുവുകൾ അപ്രതീക്ഷിതമായി മരണവീടാകുന്ന ഒരു നാട്ടിൽ  പ്രത്യേകിച്ചും!. 

No comments: