Saturday, April 14, 2018

ഒരു യാത്രയുടെ ഓർമ..!


ഞങ്ങൾ മൂന്നുപേർ. വ്യത്യസ്ത ധ്രുവങ്ങളിൽ ചിതറിക്കിടന്ന രണ്ടു ദ്വീപുകളിൽ നിന്ന് ഒരു വൻകരയിലേക്ക് -കാഴ്ചയുടെ തുറന്ന കണ്ണുമായിക്കൂടിച്ചേർന്ന മൂന്നുപേർ. രണ്ടുപേർ ഒരുദ്വീപിൽ ഹൃദയങ്ങൾ കൈമാറുന്ന സ്ത്രീ പുരുഷ ബന്ധത്തിന്റെ മാതൃകകൾ. മനസ്സിൽ അടിയുന്ന പൂഴിമണ്ണിൽ പോലും ചിന്താ ധാരയാൽ ശിപ്പങ്ങൾ മെനയുന്ന മിത്രം സുജ സരോജിനിയും, ഭൗതികതയിൽ അടിഞ്ഞുകൂടിയ പാഴ് മണ്ണ് മനോവേഗതയാൽ മറികടക്കുന്ന അനന്ദനുമാണ് ആ രണ്ടു പേർ. പത്തു പതിറ്റാണ്ടുകളോളം രബീന്ദ്ര സംഗീതത്തിൽ ആലസ്യമാണ്ട് കിടന്ന  ശാന്തിനികേതനും ടാഗോർ സ്മരണകളും സ്‌മൃതി ഭ്രമണങ്ങൾക്കു വിട്ടുകൊടുത്തുകൊണ്ട്  'ധർമപാലന്റെ' പരവതാനി പോലെ ചുവന്ന വങ്കല രാജ്യത്തെ പുരാതന മണ്ണിലൂടെ ഞങ്ങൾ സഞ്ചരിച്ചു. തൊണ്ട പൊത്തിക്കരയുന്ന ത്രാണിയില്ലാത്ത മൂന്നു സൈക്കിൾ പെടലുകളിൽ 'അമർകുതിർ' ( ഉൾഗ്രാമത്തിലെ കര കൗശല വസ്തുക്കൾ വിൽക്കുന്ന സ്‌ഥലം ) ലക്ഷ്യമാക്കി ഞങ്ങളുടെ പാദങ്ങൾ അമർന്നു.  

ചെഞ്ചോരപോലെ ഉറച്ച മണ്ണിൽ കറുത്ത അരഞ്ഞാണമായി ടാറിട്ട വീതി കുറഞ്ഞ റോഡ് നീണ്ടു നിവർന്നു കിടന്നു. മയൂരാക്ഷി നദിയുടെ കൈവഴിയായ നീർച്ചാലിനെ നെൽപ്പാടങ്ങളിൽ നിന്ന് വേർതിരിക്കുന്ന ബണ്ട് റോഡ് ആണ് ഞങ്ങളുടെ സഞ്ചാര പഥം. ഒഴുക്ക് കുറഞ്ഞുപോയെങ്കിലും ജലചിത്രങ്ങൾ പോലെ കൊയ്ത്തുകഴിഞ്ഞ പടിഞ്ഞാറ് മുട്ടുന്ന പാടങ്ങളും, ഇടതുവശത്തു മയൂരാക്ഷിനദിയുടെ കൈവഴിയും ഭ്രമിപ്പിച്ചു കൊണ്ടേയിരിക്കും. നവംബർ മാസം നാലാം തീയതി 4:57 ന് വങ്കല സൂര്യൻ ഞങ്ങൾ മൂവരും സൂരി- ബൽപൂർ പാലത്തിൽ നിന്ന് വലത്തേക്ക്‌ തിരിയുമ്പോൾ അസ്തമിക്കാൻ തയ്യാറെടുപ്പുകൾ നടത്തുന്നേയുണ്ടായിരുന്നുള്ളു...! പക്ഷെ ഞങ്ങൾ സൂരി- ബൽപൂർ പാലത്തിൽ എത്തണമെങ്കിൽ ഇനിയും 42 നിമിഷങ്ങൾ കൂടി വേണ്ടിവരും. അതാണല്ലോ നിയോഗം. ഞങ്ങൾ ഇതാ ഹൃദയ ചകോരങ്ങളെ ഉണർത്തുന്ന ബൗൾ സംഗീതത്തിലേക്ക് നിപതിക്കാൻ പോകുന്നു.

വലതുവശത്തു- സോനാജൂരി മരങ്ങൾ വശങ്ങളിൽ തണൽ വീശി നിൽക്കുന്ന ഒറ്റപ്പെട്ട ചെമ്മൺ മൈതാനം ഞങ്ങളെ വിളിക്കുന്നു. കമ്മാളൻമാരുടെ കരവിരുതുകൾ വിൽക്കുന്ന ഒരു ചന്ത. ഒരു ശനിയാഴ്ച ചന്തയുടെ ഉണർവിലേക്ക് ആ വെള്ളിയാഴ്ച ദിവസം ആലസ്യം പൂണ്ടു കിടന്നു. അങ്ങിങ്ങായി ചിതറിയ പായൽ പോലെ കമ്പിളിയിൽ നിരത്തിയ കരകൗശലങ്ങളും അവ പരിശോധിക്കുന്ന കാഴ്ചക്കാരും...! ശനിയാഴ്ചകളിൽ വെയിൽ താണ് മൂന്നു മണിമുതൽ വേഗം ഇരുളിലേക്ക് ചായുന്ന ചുരുങ്ങിയ സമയം മാത്രമാണ് വിൽക്കൽ-വാങ്ങലുകളുടെ സംഘർഷം പൂർണ്ണതയിൽ എത്തുക.  ചിത്രത്തുന്നലുകൾ, ഗോത്ര ആഭരണങ്ങൾ, കൗതുകകരമായ വീട് അലങ്കാര വസ്തുക്കൾ, ചായച്ചിത്രം, തടിയിൽ മെനഞ്ഞെടുത്ത ആഭരണങ്ങൾ, പച്ചക്കറികൾ, കാഴ്ചയിൽ- മനസ്സിൽ അത്ഭൂതവും അപരിചിതത്വവും നിറയ്ക്കുന്ന കമ്പോളം.

അവിടെ കൗതുകത്തിടമ്ബായി ഞങ്ങൾ തേടി നടക്കുന്ന 'ബൗൾ' ഗായകൻ പകലുകളിൽ നിഴൽവിരിക്കുന്ന സോനാജൂരി മരങ്ങൾക്കു കീഴിൽ  നിവർത്തിയിട്ട  കമ്പിളി പുതപ്പിലിരുന്നു വിനീതനായി പാടുകയാണ്... 'ഏക്താര'യിൽ നിന്നുള്ള ഒറ്റക്കമ്പി നാദം അടച്ചു തുറക്കുന്ന മൺചെപ്പിൽ നിന്നെന്നപോലെ യാചനയുടെ, വയറിന്റെ സംഗീതമായി പ്രവഹിക്കുന്നു..!

കഹനോമോ യാര് തോരി ധാവോ ധാവോരി...!'

സൂരി- ബൽപൂർ പാലത്തിലെ അസ്തമയം കടന്ന്  അമർകുതിർ കൗതുക ശാലയിൽ പോയി ഒന്നും വാങ്ങാതെ ശിലാഘനമുള്ള ഇരുളിലൂടെ ഞങ്ങൾ തിരികെ പെടലുകൾ അമർത്തി...!  മയൂരാക്ഷി നദിയുടെ കൈവഴി വരമ്പിലെവിടെയോ സോനാജൂരി മരങ്ങളും മൈതാനവും ചന്തയും കനത്ത ഇരുളിമയിൽ ഒരിക്കൽക്കൂടി നമുക്ക് ദൃശ്യമായില്ലെങ്കിലും ''കഹനോമോ യാര് തോരി ധാവോ ധാവോരി...!' അപരിചിതമായ വരികളിൽ  നിന്ന് ഹൃദയത്തിന്റെ ഭാഷയിലേക്ക് ഒരു വേദന പടരുകയാണ്...!

'കഹനോമോ യാര് തോരി ധാവോ ധാവോരി...!'   കേൾക്കൂ..!

ഈ ലോകത്തിന്റെ വഞ്ചിക്കാരാ നീ പങ്കായം  പിടിച്  ഞങ്ങളെ നേർവഴിക്ക് നയിച്ചാലും ...!

ഈ ലിങ്കിൽ ക്ലിക് ചെയ്യൂ..!