Monday, February 17, 2014

'അന്ധവിശ്വാസങ്ങളുടെ പൊങ്കാല'

'അന്ധവിശ്വാസങ്ങളുടെ പൊങ്കാല'
അധ്യാപകനും ചിന്തകനുമായ എസ്. രാജശേഖരന്റെ ഫേസ്ബുക്ക്‌ പോസ്റ്റിനുള്ള മറുപടി.

പോസ്റ്റ്‌:

അന്ധവിശ്വാസങ്ങളുടെ പൊങ്കാല. കമ്മ്യൂണിസം മതത്തിനെതിരാണ്, പക്ഷേ മതവിശ്വാസികൾക്കെതിരല്ല. അതുകൊണ്ട് വിശ്വാസികളുടെ പലതാത്പര്യങ്ങളും പരിഗണിക്കേണ്ടതായിവരും. ആ നിലയിൽ പൊങ്കാലയെ കമ്മ്യൂണിസ്റ്റ്കാരന് അവഗണിക്കാനാവില്ല. കൈരളിക്കും. എന്നാൽ, ആറ്റുകാൽ പൊങ്കാല പോലുള്ള അന്ധവിശ്വാസ-അനാചാരങ്ങളുടെ പെരുപ്പത്തെ മറ്റുള്ളവരിൽനിന്ന് തികച്ചും വ്യത്യസ്തമായിത്തന്നെയാണ്കമ്മ്യൂണിസ്റ്റ്കാർ കാണേണ്ടത് . അന്ധവിശ്വാസ-അനാചാരങ്ങളെ സഹിഷ്ണുതയോടെ കാണുമ്പോൾത്തന്നെ അവയുടെ പ്രചാരത്തെ തടയാനും മിഥ്യയായ ഭക്തി-വിശ്വാസങ്ങളിൽനിന്ന് ജനങ്ങളെ യാഥാർഥ്യങ്ങളിലേക്കും രാഷ്ട്രീയാവബോധത്തിലേക്കും നയിക്കാനും കമ്മ്യൂണിസ്റ്റ്കാരന് ബാധ്യതയുണ്ട്. എന്നാൽ കുറെ കാലമായി പ്രത്യയശാസ്ത്രപരമായ ഈ നിഷ്ക്കർഷയിൽ വേണ്ടത്ര ശ്രദ്ധ പതിയാത്തതായാണ് കാണുന്നത്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഇന്ന് കാണുന്ന പെരുപ്പത്തിന് ഇത് കാരണമായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. നാല്പത്തഞ്ച് വർഷം മുമ്പ് വിദ്യാർഥിയായി ഞാൻ തിരുവനന്തപുരത്തെത്തുമ്പോൾ ആറ്റുകാലും പൊങ്കാലയും ആരും തന്നെ അറിയുമായിരുന്നില്ല. ഇന്ന് തിരുവ്നന്തപുരം നിവാസികളെ മാത്രമല്ല, നാട്ടിലെല്ലാവരെയും പൊറുതി മുട്ടിക്കുന്ന ഒരു മനശ്ശല്യമായി അത് വളർന്നിരിക്കുന്നു.നഗരവാസികൾ വീട്ടിലിരിക്കാനോ പുറത്തിറങ്ങാനോ കഴിയാത്തവിധത്തിൽ വിഷമിക്കുന്നു. പൊങ്കാലയിലൂടെ മനസ്സമാധാനവും ഐശ്വര്യവും ലഭിക്കുന്നു എന്ന് തെറ്റിദ്ധരിച്ച് ഇത്രയേറെ ജനങ്ങളെത്തുന്നുവെന്നത് തന്നെ വലിയൊരു സാമൂഹിക-സാംസ്ക്കാരിക പ്രശ്നമാണ്. അങ്ങനെയിരിക്കെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഈ ആഘോഷങ്ങളെ കാണുന്നതിലോ വിലയിരുത്തുന്നതിലോ റിപ്പോർട്ട് ചെയ്യുന്നതിലോ എല്ലാം തികച്ചും വിമർശനാതമകസമീപനം കൈക്കൊള്ളാൻ നാം ബാധ്യസ്തരാണ്. കൈരളിക്ക് പാർട്ടിയുമായുള്ള ബന്ധം എന്ത് തന്നെയായിരുന്നാലും സാമൂഹികമായ ഈ ഉത്തരവാദിത്തത്തിൽനിന്ന് അതിന് ഒഴിഞ്ഞുനിൽക്കാനാവില്ല. പക്ഷേ വിമർശനത്തിന്റെ സ്ഥാനത്ത് ഭക്തിക്കോമരങ്ങളെയും ലജ്ജിപ്പിക്കുന്ന സ്തുതിഗീതങ്ങളുമായാണ് ഇതിനെയെല്ലാം സമീപിച്ചുകാണുന്നത്. വള്രെ ഗൌരവത്തോടെ ചർച്ച ചെയ്യുകയും കൈകാര്യം ചെയ്യുകയും വേണ്ട ഒരു പ്രശ്നം തന്നെയാണിത്. എന്നാൽ, ഇത് ആറ്റുകാൽ പൊങ്കാലയെ സംബന്ധിച്ച് മാത്രമല്ല, എല്ലാ മതങ്ങളുടെയും ഉത്സവങ്ങളെയും പെരുന്നാളുകളെയും ഉറൂസുകളെയും മറ്റും സംബന്ധിച്ച കാര്യമായി കാണേണ്ടതുണ്ടെന്നതും പ്രധാണമാണ്.
എസ്. രാജശേഖരൻ.

 മറുപടി: 

ഏകദേശം 175 വർഷത്തോളം പഴക്കമുള്ള മാർക്സിസ്റ്റ്‌ ചിന്താഗതികൾ കാലപ്പഴക്കം വരികയും 6000-7000 വർഷത്തോളം (ഏകദേശം) പഴക്കമുള്ള മതവിശ്വാസങ്ങൾ രോഗാണുക്കളെ പോലെ ഇന്നും വ്യാപിച്ചു കൊണ്ടുമിരിക്കുന്നു. മതങ്ങളുടെ strategy പഠിച്ചാൽ നല്ലരീതിയിൽ പുതിയൊരു കമ്മ്യൂണിസം ഉണ്ടാക്കിയെടുക്കാം. മനുഷ്യനു ഉദാത്തമായ വഴി തെളിച്ചു കൊടുക്കാൻ അറിയില്ലയെങ്കിൽ ഇപ്പോഴത്തെ കമ്മ്യൂണിസം പഴഞ്ചൻ ആണ്. തോക്ക് ചൂണ്ടി ഒരു മനുഷ്യനെയും നന്നാക്കാൻ കഴിയില്ല എന്നതിന്റെ ഉത്തരമാണ് കമ്മ്യൂണിസത്തിന്റെ പരാചയം. കമ്മ്യൂണിസത്തിനും മത വിശ്വാസത്തിനും മുകളിൽ വരാൻ പുതിയൊരു ഉൾകാഴ്ച ഇല്ലാതെ പോയതാണ് മനുഷ്യരാശിയുടെ പരാചയം. ആറ്റുകാൽ പൊങ്കാല കടലിലെ കടുകാണ്‌.

No comments: